"പ്രവാസി കൂട്ടായ്മക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം'
1580706
Saturday, August 2, 2025 5:30 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഫെസ്റ്റുമായി ബന്ധപ്പെട്ട് കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രവാസി കൂട്ടായ്മ പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫിലെ ചില തൽപ്പര കക്ഷികൾ സാമൂഹ്യ മാധ്യമങ്ങൾ മുഖേന പ്രചരിപ്പിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണന്നും കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
2022ൽ ചില വ്യക്തികൾ കരുവാരകുണ്ട് കാർണിവൽ സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ തുടർച്ചായായ രണ്ട് വർഷങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെസ്റ്റ് നടത്തിയിരുന്നു. ഭിന്നശേഷി കുട്ടികൾക്കായി ബഡ്സ് സ്കൂൾ കെട്ടിടം നിർമിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ നേരത്തെ നടന്ന കാർണിവലും പിന്നീട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഫെസ്റ്റിലും വ്യാപക അഴിമതി നടന്നിട്ടുണ്ടന്നും കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ 30 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നുമുള്ളതാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ആരോപണം.
പ്രവാസി കൂട്ടായ്മക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. ജനകീയ പങ്കാളിത്തം മാത്രമാണ് പ്രവാസി കൂട്ടായ്മക്കും ഉണ്ടായിട്ടുള്ളത്. കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മക്ക് നേരെ അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പ്രസ്ഥാവന പിൻവലിച്ച് മാപ്പ് പറയാൻ തയാറാകണമെന്നും കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ മേഖല രക്ഷാധികാരി എം. ഹാരിസ്, സി.ടി. സതീഷ് ഖാൻ, വൈസ് പ്രസിഡന്റ് വി.പി. അബ്ദുൾ ഷമീർ, സെക്രട്ടറി സി.എം. സുനിൽ, പ്രസിഡന്റ് ചന്ദ്രൻ മനയിൽ, ട്രഷറർ ടി.പി. യാസർ അറഫാത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.