‘കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ കെഎൻജി റോഡിന്റെ വീതി കൂട്ടും’
1580854
Sunday, August 3, 2025 5:44 AM IST
നിലന്പൂർ: കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ കെഎൻജി റോഡിന്റെ വീതി കൂട്ടാൻ ഉടൻ സർവേ നടത്തും. നിലന്പൂർ താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനം. നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റോഡ് വീതി കൂട്ടുന്നതിന് വനം, പൊതുമരാമത്ത്. റവന്യു സംയുക്ത സർവേ ഈ മാസം നടത്താൻ തീരുമാനിച്ചത്.
ചുങ്കത്തറ സിഎച്ച്സിയിലേക്ക് രാത്രി ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. സുരേഷ് നിവേദനം നൽകി. രാത്രി ബസ് ഇല്ലാത്തത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും നിവേദനത്തിൽ പറയുന്നു. വിഷയത്തിൽ ജോയിന്റ് ആർടിഒ മുഖേന നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
കെഎൻജി റോഡ് വികസനത്തിനായി വനം വകുപ്പ് ഓഫീസ് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് ഡിഎഫ്ഒ പ്രതിനിധി യോഗത്തിൽ വിശദീകരിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി തടസം സംബന്ധിച്ച് വിവിധ ബോർഡ് പ്രതിനിധികൾ പരാതി അറിയിച്ചതിൽ എംഎൽഎ കെഎസ്ഇബിയോട് ഓഫീസുകളും സ്ഥാപനങ്ങളും കൂടുതലുള്ള പ്രദേശങ്ങളിലെ വൈദ്യുതി സംബന്ധിച്ച് പ്രവൃത്തികൾ നടത്തുന്പോൾ ശ്രദ്ധിക്കണമെന്ന് പ്രത്യേക നിർദേശം നൽകി.
ബ്ലോക്ക് പ്രസിഡന്റ് പി. പുഷ്പവല്ലി, തഹസിൽദാർമാരായ എം.പി. സിന്ധു, വി. വിനോദ്കുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ.പി.പ്രമോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പാനായിൽ ജേക്കബ്, രാജ്മോഹൻ എന്നിവർ സംസാരിച്ചു.