കൽക്കുണ്ടിലും കാട്ടാന കൃഷി നശിപ്പിച്ചു
1581513
Tuesday, August 5, 2025 7:51 AM IST
കരുവാരകുണ്ട്: തിങ്കളാഴ്ച പുലർച്ചെ കൽക്കുണ്ടിലെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വൻ കൃഷി നാശം വരുത്തി. തെങ്ങ്, കമുക്, കൊക്കോ, വാഴ തുടങ്ങിയ വിളകൾക്കാണ് കനത്ത നാശം നേരിട്ടത്.
ചുണ്ടംപറ്റ ഹൗക്കത്ത് അടക്കം നാലോളം കർഷകരുടെ കാർഷിക വിളകളാണ് നിമിഷ നേരം കൊണ്ട് ആനകൾ നശിപ്പിച്ചത്. കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് നേരം വെളുത്തപ്പോഴാണ് കാട്ടാനകൾകൃഷിയിടം വിട്ട് വനത്തിലേക്ക് മറഞ്ഞത്. ഏതാനും മാസമായി മേഖലയിൽ കാട്ടാനകളുടെ പരാക്രമം വർധിച്ചുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കാട്ടാന ശല്യം രൂക്ഷമായതോടെ കൽക്കുണ്ട് നിവാസികൾ ഭീതിയിലാണ്. കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പകൽ സമയത്തും ഇവ കൃഷിയിടം വിട്ടുപോകാറില്ലെന്ന് കർഷകർ പറയുന്നു. വന്യജീവികൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത് തടയാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കാട്ടാനശല്യം തടയുന്നതിന് വനാതിർത്തികളിൽ സൗരോർജ വേലി നിർമാണത്തിന് കോടിക്കണക്കിന് രൂപ സർക്കാർ നീക്കിവയ്ക്കുന്നത് വനം വകുപ്പിലെ ചില ഉന്നതരും കരാർലോബികളും തട്ടിയെടുക്കുന്നതായും കർഷകർ പരാതിപ്പെടുന്നു. വനാതിർത്തികളിൽ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള സൗരോർജ വേലി നിർമാണത്തിന് പിന്നാലെ കാട്ടാന അവ നാശം വരുത്തുകയാണെന്നാണ് കർഷകരുടെ ആരോപണം.