പുഴകൾ കരകവിഞ്ഞു : കരുവാരകുണ്ടിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും വൻ നാശം
1581716
Wednesday, August 6, 2025 5:29 AM IST
കരുവാരകുണ്ട്: മലയോര മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും ഒലിപ്പുഴയും കല്ലൻപ്പുഴയും കരകവിഞ്ഞൊഴുകി. പുഴകൾക്ക് പുറമെ അരുവികളും ചോലകളും നീർച്ചാലുകളും നിറഞ്ഞൊഴുകി. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറി.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക പാലങ്ങൾക്ക് മുകളിലൂടെയും വെള്ളമൊഴുകി. നടപ്പാതകളും റോഡുകളും വെള്ളത്തിനടിയിലായി. ഇതോടെ വിദ്യാലയങ്ങൾ നേരത്തെ വിടുകയും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മിക്ക വിദ്യാലയങ്ങളിലും രക്ഷിതാക്കൾ വിദ്യാലയങ്ങളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോവുകയാണ് ചെയ്തത്. കേരള എസ്റ്റേറ്റിൽ കാർ ഒഴുക്കിൽപ്പെട്ടു. പാന്തറയിലേക്ക് പോവുകയായിരുന്ന കാറാണ് തോട്ടിലെ ഒഴുക്കിൽ അകപ്പെട്ടത്. നാട്ടുകാരെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
മലയോര മേഖലയിൽ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ഞായറാഴ്ച പുലർച്ചെയും അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിൽ പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. കൽക്കുണ്ട്, മാന്പറ്റ, കുണ്ടോട, അങ്ങാടി ചിറയ്ക്കൽക്കുണ്ട്, മുള്ളറ, പുന്നക്കാട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഒലിപ്പുഴയ്ക്ക് കുറുകെയുള്ള പാലങ്ങളിലെല്ലാം വെള്ളം മൂടി. ചിറക്കൽ ഇക്കോ ടൂറിസം ഭാഗത്തും വെള്ളം കയറി. പുന്നക്കാട് ജിഎൽപി സ്കൂളിലേക്കും സ്കൂൾ മൈതാനത്തും വെള്ളം ഇരച്ചെത്തി. വെള്ളം ഉയരുന്നത് കണ്ടതോടെ അധികൃതർ കുട്ടികളെ സുരക്ഷിതമായി വീടുകളിലേക്കെത്തിച്ചു.
കൽക്കുണ്ട്, മാന്പറ്റ, അൽഫോൻസ് ഗിരി, ചേരിപ്പടി, മുള്ളറ, കുണ്ടോട, ചിറക്കൽക്കുണ്ട്, ഇരിങ്ങാട്ടിരി, ഭവനംപറന്പ്, കക്കറ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. കൃഷിയിടങ്ങളിൽ സൂക്ഷിച്ചിരുന്ന നാണ്യവിളകൾ ഒഴുകിപോയി.
മഴ കനക്കുകയും പുഴകളിൽ വെള്ളമുയരുകയും ചെയ്തതോടെ ഉരുൾപൊട്ടലുണ്ടായതായി അഭ്യൂഹവും പരന്നിരുന്നു. മുൻവർഷങ്ങളിൽ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടാവുകയും മണ്ണിടിച്ചിൽ സംഭവിക്കുകയും ചെയ്തിരുന്നു. കൃഷി നാശങ്ങൾക്ക് പുറമേ ആളപായവും മലയോര മേഖലയിൽ നേരത്തെ സംഭവിച്ചിട്ടുണ്ട്.