നിലന്പൂർ ജില്ലാശുപത്രിയിൽ നടപ്പിലാക്കിയത് വൻ വികസനമെന്ന് മന്ത്രി വീണാജോർജ്
1582004
Thursday, August 7, 2025 5:48 AM IST
നിലന്പൂർ: 2016-25 കാലഘട്ടത്തിൽ നിലന്പൂർ ജില്ലാശുപത്രിയുടെ ചരിത്രത്തിലില്ലാത്തത്ര വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2024-25 എൻഎച്ച്എം ആർഒപി പ്രകാരം അനുവദിച്ച 89.64 ലക്ഷം രൂപ ചെലവഴിച്ച് നിലന്പൂർ ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ഒപി ബിൽഡിംഗിന്റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലത്ത് നിലന്പൂരിലെ മാതൃ-ശിശു ആശുപത്രിക്ക് അധിക ഫണ്ട് അനുവദിക്കുകയും മാതൃ-ശിശു ആശുപത്രി പുനരാംരംഭിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവർത്തനം ഡിസംബറോടെ പൂർത്തീകരിക്കാൻ സാധിക്കും.
മലപ്പുറം ജില്ലയിലെ ആദ്യത്തെ ജില്ലാതല നിർണയ ഹബ് ആൻഡ് സ്പോക്ക് നെറ്റ് വർക്കിംഗിന്റെ ഭാഗമായി ഹബ് ലാബ് നിർമാണത്തിനായി ഒരു കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവൃത്തികൾ നടന്നുവരികയാണ്. ഈ ഒപി ബിൽഡിംഗ് സാധ്യമാകുന്നതിലൂടെ നിലന്പൂർ പ്രദേശത്തെ ഗോത്രവിഭാഗങ്ങളുൾപ്പെടെയുളളവർക്ക് ഏറെ പ്രയോജനകരമാകും.
ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്കിലെ സ്ഥല പരിമിതി പുതിയ ഒപി ബിൽഡിംഗ് വരുന്നതിലൂടെ പരിഹരിക്കപ്പെടും. നിലവിൽ സ്ഥലപരിമിതികളുള്ള ഡെന്റൽ ഒപി, ഫിസിയോതെറാപ്പി എന്നിവ മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് സാധിക്കും. ശലഭം കോർണർ, ബ്ലഡ് ബാങ്ക് കാത്തിരിപ്പുകേന്ദ്രം, രോഗികൾക്കുള്ള ശുചിമുറികൾ എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഡിഎംഒ ഡോ.ആർ. രേണുക, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ.അനൂപ്, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു,
ജില്ലാപഞ്ചായത്ത് മെംബർ അഡ്വ. ഷെറോണ റോയ്, നഗരസഭ വൈസ് ചെയർമാൻ കക്കാടൻ റഹീം, വാർഡ് കൗണ്‍സിലർ അരുമ ജയകൃഷ്ണൻ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ, എച്ച്എംസി മെംബർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.