വിജ്ഞാന കേരളം: രജിസ്ട്രേഷൻ ക്യാന്പ് നടത്തും
1582001
Thursday, August 7, 2025 5:48 AM IST
പെരിന്തൽമണ്ണ: തൊഴിലിനും നൈപുണ്യ വികസനത്തിനുമായി സർക്കാർ ആരംഭിച്ച വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകർക്കായി പഞ്ചായത്തുകളിൽ രജിസ്ട്രേഷൻ ക്യാന്പുകൾ നടത്തും.
അനുയോജ്യമായ പ്രാദേശിക തൊഴിലുകളിലേക്ക് പരിഗണിക്കപ്പെടാനായി സ്ത്രീകളുടെ പ്രത്യേക ലിസ്റ്റും ഇതിനോടൊപ്പം തയാറാക്കും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗം ഇതിനായി കർമപരിപാടി തയാറാക്കി. വിജ്ഞാന കേരളം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ എം. ഗോപാലൻ പരിപാടി വിശദീകരിച്ചു.
ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ.പി. രാകേഷ്, കെ.ആർ.പി. റഷീദ് പേരയിൽ, ഒ. ഹഫ്സത്ത് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറിമാർ, സിഡിഎസ് ചെയർപേഴ്സണ്മാർ, പ്രേരക്മാർ, കമ്യൂണിറ്റി അംബാസിഡർമാർ, എസ്സി പ്രമോട്ടർമാർ, റിസോഴ്സ് പേഴ്സണ്‍, സാക്ഷരത പ്രേരക് തുടങ്ങിയവർ സംബന്ധിച്ചു.