അയോഗ്യനായ പഞ്ചായത്തംഗം മിനുട്സുമായി ഓടി, പിടികൂടാൻ സെക്രട്ടറിയും
1582008
Thursday, August 7, 2025 5:50 AM IST
പെരിന്തൽമണ്ണ: ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പതിനെട്ടാം വാർഡ് മെംബറുമായ എം.പി. അബ്ദുൾ മജീദ് അയോഗ്യനായി. ചട്ടംപ്രകാരം തുടർച്ചയായ മൂന്ന് മാസങ്ങളിലെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യത വരുമെന്നിരിക്കെ കഴിഞ്ഞ ജനുവരി മാസം മുതൽ തുടർച്ചയായ ഏഴു മാസങ്ങളിലായി നടന്ന ഏഴ് യോഗങ്ങളിലും പങ്കെടുക്കാത്ത സാഹചര്യത്തിലാണ് മജീദ് അയോഗ്യനായത്.
നടപടിക്രമങ്ങളുടെ ഭാഗമായി അയോഗ്യത അറിയിച്ചുള്ള നോട്ടീസ് സെക്രട്ടറിയിൽ നിന്ന് കൈപ്പറ്റുന്നതിന് പഞ്ചായത്ത് ഓഫീസിലെത്തിയ മജീദ് തന്റെ ഹാജർനില പരിശോധിക്കാൻ മീറ്റിംഗ് മിനുട്സ് ആവശ്യപ്പെട്ടു.
ഉടനടി മിനുട്സുമായി പഞ്ചായത്തിൽ നിന്ന് ഓടുകയായിരുന്നു ഇദ്ദേഹം. സെക്രട്ടറി പിന്നാലെ ഓടിയെങ്കിലും പിടികൊടുക്കാതെ അബ്ദുൾ മജീദ് ഓടിരക്ഷപ്പെട്ടു. ചെയ്ത പ്രവൃത്തിയുടെ ഗൗരവം ബോധ്യപ്പെട്ടതിനാൽ പിന്നീട് വൈകുന്നേരം നാലിന് സെക്രട്ടറിയുടെ പക്കൽ മിനുട്സ് മജീദ് തിരിച്ചേൽപിച്ചു.
എന്നാൽ ക്ലോസ് ചെയ്ത് വരഞ്ഞു വച്ച മിനുട്സിൽ വരയുടെ മുകളിൽ കൂടി തന്റെ ഒപ്പ് രേഖപ്പെടുത്തിയാണ് മജീദ് മിനുട്സ് കൈമാറിയത്. നിയമ വിരുദ്ധ പ്രവൃത്തിക്കെതിരെ പഞ്ചായത്ത് സെക്രട്ടറി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.