മേൽമുറി സ്കൂൾ നിലനിർത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
1582508
Saturday, August 9, 2025 5:44 AM IST
മലപ്പുറം: കുഴിമണ്ണ കിഴിശേരിയിൽ 2004 മുതൽ പ്രവർത്തിക്കുന്ന മേൽമുറി ബദൽ സ്കൂൾ എൽപി സ്കൂളായി നിലനിർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നതെന്നും സ്കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കിഴിശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സ്കൂൾ അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിൽ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. നാല് കിലോമീറ്റർ പരിസരത്ത് മറ്റൊരു പൊതുവിദ്യാലയമില്ലെന്നും മേൽമുറി ബദൽ എൽപി സ്കൂളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണെന്നും പരാതിക്കാർ അറിയിച്ചു.
സ്കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാല് അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റി നിയമിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി. അടച്ചുപൂട്ടിലിനെതിരേ നാട്ടുകാർ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങി. 50 സെന്റിലുള്ള സ്കൂളിന് എംപി ഫണ്ടിൽ നിന്ന് 10 ലക്ഷവും എംഎൽഎ ഫണ്ടിൽ നിന്ന് 38 ലക്ഷവും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിർമിച്ച കോണ്ക്രീറ്റ് കെട്ടിടങ്ങളുണ്ട്.
സർക്കാർ നൽകുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. പിടിഎ നിയമിച്ച മൂന്ന് അധ്യാപകർക്ക് പിടിഎ തന്നെയാണ് വേതനം നൽകുന്നത്. പരാതി വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കേസ് തീർപ്പാക്കി. എംജിഎൽസി മേൽമുറി പിടിഎ പ്രസിഡന്റ് എം. ഫിറോസ് സമർപ്പിച്ച പരാതിയിലാണ് നടപടി.