സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റം ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നെന്ന്
1582003
Thursday, August 7, 2025 5:48 AM IST
പെരിന്തൽമണ്ണ : സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റം കുടുംബ ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കുന്നതായും പലതും വിവാഹ മോചനങ്ങളിൽ കലാശിക്കുന്നതായും വനിതാ കമ്മീഷൻ മുൻ അംഗം അഡ്വ. നൂർബിന റഷീദും ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറും അഭിപ്രായപ്പെട്ടു.
പരന്പരാഗത വിവാഹങ്ങളെ അപേക്ഷിച്ച് പ്രണയവിവാഹങ്ങൾ പലതും പരാജയത്തിൽ കലാശിക്കുന്നത് ഇതുകൊണ്ടാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന എംഇഎസ്, ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന സെമിനാർ പരന്പരയിൽ ശിഥിലമാകുന്ന കുടുംബങ്ങൾ: ഇന്ന്, ഇന്നലെ എന്ന വിഷയത്തിൽ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇരുവരും. എംഇഎസ് സംസ്ഥാന പ്രസിഡന്റ്് ഡോ. ഫസൽ ഗഫൂർ വിഷയവതരണം നടത്തി.
എംഇഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഹുസൈൻ കോയതങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഉമ്മർ ഗുരുക്കൾ, ട്രഷറർ കെ.എം.ടി. ഉണ്ണീൻകുട്ടി, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി ഹാജി, സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ, ഡോ. ഹമീദ് ഫസൽ, ജില്ലാ ഭാരവാഹികൾ, താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ഷമീർ, സെക്രട്ടറി അബ്ദുല്ലത്തീഫ്, ട്രഷറർ മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.