ആദിവാസികൾക്ക് ആനപ്പേടിയില്ലാതെ അന്തിയുറങ്ങാനാകുമോ?
1582273
Friday, August 8, 2025 6:15 AM IST
നിസഹായരായി കരിങ്കംന്തോണി പറയൻമേടിലെ കുടുംബങ്ങൾ
കരുവാരകുണ്ട്: ആനപ്പേടിയില്ലാതെ അന്തിയുറങ്ങാനാകുമോയെന്ന ചോദ്യം ഉയർത്തുകയാണ് ആദിവാസികൾ. കരിങ്കംന്തോണി പറയൻമേടിലെ ആദിവാസി കുടുംബങ്ങളാണ് ആനശല്യം കാരണം പൊറുതിമുട്ടിയിരിക്കുന്നത്. നേരത്തേ വീടിനു സമീപത്തെത്തിയ ആനകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആനകളെ തുരത്താനായി ആദിവാസികൾ മരച്ചുള്ളികളും കമ്പുകളും ചേർത്തുവച്ച് കത്തിക്കുകയാണ് പതിവ്. മഴപെയ്തതോടെ തീ നിലനിൽക്കാത്ത അവസ്ഥയുമായി. കുട്ടികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഭാഗമാണ് പ്രദേശം.
കഴിഞ്ഞദിവസം ആന എത്തിയപ്പോൾ പടക്കം പൊട്ടിച്ച് ആനയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചു. വീടിനു സമീപത്തുണ്ടായിരുന്ന നായകൾ കുരച്ച് ബഹളം വച്ചതോടെ വീടിന് സമീപത്തേക്കോടിയ ആന പാതിവഴിയിൽ വീഴുകയാണുണ്ടായതെന്ന് കുടുംബാംഗം പറഞ്ഞു.
വീടിനു പുറത്തുണ്ടായിരുന്ന വീട്ടുപകരണങ്ങളിൽ ചിലത് ആന ചവിട്ടി നാശം വരുത്തുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങൾ മറ്റിടത്തേക്ക് അന്തിയുറങ്ങാനായി പോവുകയാണ് പതിവ്. ആനയെ തുരത്താൻ പടക്കം വാങ്ങിക്കാൻ പോലും പണമില്ലെന്ന് താമസക്കാരനായ സുരേഷ് ബാബുപറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ആനകൾ തമ്പടിച്ചിരിക്കുകയാണ്. ഇവിടെ നിന്നാണ് ദിവസങ്ങൾക്കു മുമ്പ് ഇരിങ്ങാട്ടിരി, പായിപ്പുല്ല് ഭാഗങ്ങളിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തിയത്. വട്ടമലയിലൂടെ യാത്രക്കാരുടെ നേരെയും ആനകൾ അതിക്രമം കാണിച്ചിരുന്നു. കൃഷി നശിപ്പിക്കുകയും ചക്കകൾ വ്യാപകമായി തിന്നു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആനയെ തുരത്താൻ ആവശ്യമായ പടക്കം വാങ്ങിക്കാനെങ്കിലും പണം അനുവദിക്കണമെന്നും ആനപ്പേടിയിൽ നിന്ന് സുരക്ഷിതത്വം നൽകണമെന്നും താമസക്കാർ ആവശ്യപ്പെട്ടു. വനംവകുപ്പ് അധികൃതരെ പ്രശ്നം അറിയിച്ചെങ്കിലും കാര്യമായി പ്രതികരണം ഉണ്ടായില്ലെന്നും ആരോപണമുണ്ട്.