‘നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് സ്ഥലം അനിവാര്യം’
1582274
Friday, August 8, 2025 6:15 AM IST
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ, പരിമിതി, അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാനാണ് എച്ച്എംസി അംഗങ്ങൾ പങ്കെടുത്ത യോഗം ചേർന്നത്. നിലവിലെ സാഹചര്യങ്ങൾ എംഎൽഎ ചോദിച്ചറിഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഉൾപ്പെടെ പങ്കെടുത്തു. നിലന്പൂർ ജില്ലാ ആശുപത്രിയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെങ്കിൽ അടിസ്ഥാന വികസനം യാഥാർഥ്യമാക്കാനുള്ള സ്ഥലം അനിവാര്യമാണെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. നിലന്പൂർ ഗവണ്മെന്റ് യുപി സ്കൂളിന്റെ 99 സെന്റ് സ്ഥലം ആശുപത്രി വികസനത്തിന് വിട്ടുകൊടുത്തതിന്റെ തുടർനടപടികൾ സംബന്ധിച്ച് എംഎൽഎ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. പിന്നീട് സർവകക്ഷി പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗവും നടക്കും.
നിലവിൽ കിഫ്ബിയുടെ 9.38 കോടി അടക്കം ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി ലഭിച്ചിട്ടുണ്ട്. സ്ഥല പരിമിതിമൂലം പല ഫണ്ടുകളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. അതിനാൽ സ്ഥല പ്രശ്നത്തിന് പരിഹാരം വേണമെന്ന പൊതുഅഭിപ്രായമാണ് ഉയർന്നതെങ്കിലും ആശുപത്രിയോട് ചേർന്ന് കിടക്കുന്ന ഗവണ്മെന്റ് മോഡൽ യുപി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനോട് യോജിപ്പില്ല.
അതിനാൽ പകരം സ്ഥലം കണ്ടെത്തുന്ന കാര്യവും ചർച്ചയായെങ്കിലും നിലവിൽ എച്ച്എംഎസ് എടുത്ത തീരുമാനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. സ്കൂൾ സ്ഥലം ഏറ്റെടുക്കുന്നത് വിദ്യാർഥികളുടെ പഠനത്തിന് ഉണ്ടാകുന്ന തടസങ്ങളും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഒപി കൗണ്ടറുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കാൻ നിലവിൽ ജൻ ഔഷധി കേന്ദ്രം കൂടി വിട്ടു കിട്ടണമെന്നും എന്നാൽ രണ്ട് കൗണ്ടറുകൾ കൂടി തുറക്കാൻ കഴിയുമെന്ന് സൂപ്രണ്ട് അറിയിച്ചു. പ്രതിദിനം 2000 മുതൽ 2500 പേരാണ് ഒപിയിൽ എത്തുന്നത്. തിങ്കളാഴ്ച 3000 പേരുവരെ എത്താറുണ്ട്. ഒപി ടിക്കറ്റ് ഓണ്ലൈനായി എടുക്കാൻ കൂടുതൽ ആളുകൾ തയാറാകണമെന്ന നിർദേശവും ഉയർന്നു. നിലവിൽ 142 പേരെ കിടത്തി ചികിത്സിപ്പിക്കാനുള്ള സംവിധാനമാണുള്ളതെങ്കിലും 306 പേരെ വരെ കിടത്തി ചികിത്സിക്കുന്നുണ്ട്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.