മണ്ണാർമലയിൽ വീണ്ടും പുലി; മന്ത്രിക്ക് നിവേദനം നൽകി പൗരസമിതി
1582255
Friday, August 8, 2025 5:29 AM IST
വെട്ടത്തൂർ: പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി. നാട്ടുകാർ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം വീണ്ടും പതിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പുലി റോഡ് മുറിച്ച് കടന്നുവരുന്നത് കാമറയിൽ പതിഞ്ഞത്. ഇത് ആറാം തവണയാണ് പുലിയുടെ ദൃശ്യം കാമറയിൽ പതിയുന്നത്. സ്ഥിരമായി പുലിയെ കാണുന്നതോടെ നാട്ടുകാർ ഏറെ ഭീതിയിലാണ്.
പുലിയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാർമല പൗരസമിതിയുടെ നേതൃത്വത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി. തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചോടെ വനംവകുപ്പ് പുലിയെ സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് കെണി മാറ്റി സ്ഥാപിച്ചു.
വാർഡ് അംഗം ഹൈദർ തോരപ്പ, പൗരസമിതി അംഗങ്ങളായ ബഷീർ കക്കൂത്ത്, കെ.ടി. ഉമ്മർ, നിഷാദ് കോഴിശീരി, ടി.കെ. സക്കീർ, സി. പി. കുഞ്ഞിമമ്മു എന്നിവരാണ് നിവേദനം നൽകിയത്.