കാറിൽ മദ്യവിൽപ്പന; മിഠായി കച്ചവടക്കാരൻ പിടിയിൽ
1582507
Saturday, August 9, 2025 5:43 AM IST
മഞ്ചേരി: മിഠായി കച്ചവടം നടത്താനുപയോഗിക്കുന്ന കാർ "ബാറാക്കിയ’ 47കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി. തിരൂരങ്ങാടി ഊരകം പള്ളിയാളി വീട്ടിൽ അസീസിനെയാണ് മഞ്ചേരി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് വച്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്ത് അറസ്റ്റു ചെയ്തത്. നാനോ കാർ ഉപയോഗിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മിഠായി വിൽപ്പന നടത്തി വരികയായിരുന്നു അസീസ്.
എന്നാൽ മിഠായിയേക്കാൾ ലാഭം മദ്യവിൽപ്പനക്കാണെന്ന് മനസിലാക്കിയ ഇയാൾ പോകുന്ന വഴികളിലെ ബീവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങുകയും ഇത് കൂടിയ വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയുമായിരുന്നു.
എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നാനോ കാറിൽ സൂക്ഷിച്ച 20 കുപ്പി മദ്യം പിടികൂടുകയായിരുന്നു. മദ്യം കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസർ പി. സഫീർ അലി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ഷഹദ് ശരീഫ്, കെ. ജിതിലാജ്, സി.ടി. അക്ഷയ്, എം. ആതിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തുടർന്നും മദ്യം ഉൾപ്പെടെയുള്ള ലഹരി വിപണനത്തിനെതിരേ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദ് അറിയിച്ചു.