"ഞങ്ങളും കോളജിലേക്ക്' രണ്ടാം ബാച്ചിന് തുടക്കം
1582286
Friday, August 8, 2025 6:23 AM IST
രാമപുരം: മഞ്ഞളാംകുഴി അലി എംഎൽഎയുടെ വനിത തുടർ വിദ്യാഭ്യാസ പദ്ധതി "ഞങ്ങളും കോളേജിലേക്ക്' രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ജെംസ് കോളജിൽ വച്ച് നടന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ് ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ അധ്യക്ഷത വഹിച്ചു.
എംഎൽഎയും ജെംസ് കോളജ് ചെയർമാനുമായ മഞ്ഞളാംകുഴി അലി, വൈസ് ചെയർമാൻ എം. വാസുദേവൻ, ഡയറക്ടർ പി.ടി. ഹംസ, വൈസ് പ്രിൻസിപ്പൽ ഡോ. അബ്ദുസമദ്, പ്രോഗ്രാം കോഓർഡിനേറ്റർ അബ്ദുല്ലത്തീഫ് അസ്ലം എന്നിവർ സംസാരിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബിഎ ഇംഗ്ലീഷ്, സോഷ്യോളജി, ബികോം എന്നീ വിഷയങ്ങൾ പഠിക്കുന്നതിനായി ജെംസ് കോളജിന്റെ സഹകരണത്തോടെ വനിതകൾക്ക് അവസരം ഉണ്ടാകും.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേണർ സപ്പോർട്ട് സെന്റർ ജെംസ് കോളജിൽ അംഗീകരിക്കപ്പെട്ടതിനാൽ ഈ വർഷം മുതൽ അഡ്മിഷൻ എടുക്കുന്ന വനിതകൾക്ക് കോളജിൽ തന്നെ രജിസ്ട്രേഷൻ ചെയ്യാനും സാധിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.