‘നിലന്പൂർ ബൈപാസ് ഒന്നാംഘട്ട നിർമാണം ഉടൻ’
1582498
Saturday, August 9, 2025 5:43 AM IST
നിലന്പൂർ: നിലന്പൂർ ബൈപാസിന്റെ ഒന്നാംഘട്ട നിർമാണത്തിന് ഉടൻ സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ വേഗമാക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉറപ്പ് ലഭിച്ചതായി ആര്യാടൻ ഷൗക്കത്ത് എംഎൽഎ. നിലന്പൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ തടസങ്ങൾ നീക്കി പ്രവൃത്തി വേഗമാക്കാൻ മന്ത്രിതല യോഗം വിളിക്കാമെന്നും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതായി എംഎൽഎ പറഞ്ഞു.
ഇന്നലെ സെക്രട്ടറിയേറ്റിൽ മന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം നിലന്പൂരിൽ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ നിവേദനവും എംഎൽഎ മന്ത്രിയ്ക്ക് കൈമാറി.
നിലന്പൂർ ബൈപാസിന് 227 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിൽ ആദ്യഘട്ട പൂർത്തീകരണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് തേടിയത്. 30 വർഷം മുന്പ് ബൈപാസിന് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കി കുറവ് വരുത്തരുതെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു. 12 വർഷത്തെ പലിശയും നൽകണമെന്ന ആവശ്യവും ഉന്നയിച്ചു.
എടക്കര ബൈപാസ് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിന് സാങ്കേതികാനുമതിക്കായുള്ള നടപടി വേഗമാക്കുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. രണ്ടുകോടി രൂപയാണ് എടക്കര ബൈപാസ് രണ്ടാംഘട്ടത്തിന് അനുവദിച്ചിട്ടുള്ളത്. ചന്തക്കുന്നിൽ നിന്ന് വെളിയംതോട് വരെ സിഎൻജി റോഡ് ഉയർത്തി വെളിയംതോടിൽ വെള്ളക്കെട്ടില്ലാതെ അഞ്ച് കോടി രൂപ ചെലവിൽ നവീകരിക്കുന്ന പ്രവൃത്തിയും ഉടൻ ആരംഭിക്കാനുള്ള നടപടപടിയുണ്ടാകണമെന്നും ആവശ്യമുന്നയിച്ചു.
പൊതുമരാമത്ത് വകുപ്പ് നിലന്പൂർ നഗരസഭയിൽ നിന്ന് ഏറ്റെടുത്ത തൃക്കൈക്കുത്ത് പാലം അപ്രോച്ച് റോഡ് 1.80 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകണമെന്ന ആവശ്യവും എംഎൽഎ ഉന്നയിച്ചു.
മലയോര ഹൈവേ പൂക്കോട്ടുംപാടം- മുണ്ടേരി റോഡിന്റെ മൂന്നാംഘട്ടം കാറ്റാടിക്കടവ് മുതൽ ചാത്തമുണ്ട വരെ 12 മീറ്ററായി പുനഃസ്ഥാപിച്ച് നിർമിക്കുക, പുഞ്ചകൊല്ലി പാലത്തിന്റെ 8.40 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി, കവളപ്പൊയ്ക- ഇല്ലിക്കാട് പാലത്തിന്റെ 7.33 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി അടക്കമുള്ള 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ മന്ത്രിതല യോഗം വിളിക്കാമെന്ന ഉറപ്പ് ലഭിച്ചതായും ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.