നിർമിതബുദ്ധി: മനുഷ്യമഹത്വം മറക്കരുതെന്ന് കാലിക്കട്ട് വിസി
1581982
Thursday, August 7, 2025 5:13 AM IST
തേഞ്ഞിപ്പലം: മനുഷ്യന്റെ മഹത്വത്തിനും പൊതുനൻമയ്ക്കും ആയിരിക്കണം നിർമിത ബുദ്ധിയുടെ വികസനത്തിലും ഉപയോഗത്തിലും മുൻഗണന നൽകേണ്ടതെന്ന് കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ.പി. രവീന്ദ്രൻ. കാലിക്കട്ട് യൂണിവേഴ്സസിറ്റി ചെയർ ഫോർ ക്രിസ്റ്റ്യൻ സ്റ്റഡീസ് ആൻഡ് റിസർച്ച് "നിർമിത ബുദ്ധിയും അതിന്റെ ധാർമികവശങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിയുടെ ഉപകരണങ്ങൾ ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും ധാർമികബോധം ഉള്ളവരാകണമെന്നും സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്കും നിർമിതബുദ്ധിയുടെ ഉപയോഗങ്ങൾ ലഭ്യമാക്കണമെന്നും ക്ലാസുകൾ നയിച്ച ഡോ. സാബു കുന്പൂക്കൽ (എസ്എച്ച് കോളജ്, തേവര), ഡോ. ജോസ്മി ജോസ് (ഓക്സീലിയം പൊന്റിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, റോം) എന്നിവർ തങ്ങളുടെ ക്ലാസുകളിൽ വ്യക്തമാക്കി.
ക്രിസ്റ്റ്യൻ ചെയർ ഡയറക്ടർ ഡോ. പോൾ പുളിക്കൻ, സിൻഡിക്കറ്റ് അംഗങ്ങളായ മാർട്ടിൻ തച്ചിൽ, എ.കെ. അനുരാജ് എന്നിവർ പ്രസംഗിച്ചു.