വനംവകുപ്പ് അധികൃതർ വാക്കുപാലിച്ചില്ലെന്ന് പരാതി
1582287
Friday, August 8, 2025 6:23 AM IST
കരുവാരകുണ്ട്: വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച കെണിയിലേക്ക് വാങ്ങിച്ചു നൽകിയ ഇരയെ തിരിച്ചു നൽകുകയോ പണം നൽകുകയോ ചെയ്യാത്ത വനംവകുപ്പധികൃതർ വാക്കുപാലിച്ചില്ലെന്ന് പരാതി.കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളുമാണ് പരാതിയുമായി രംഗത്തെത്തിയത്. കടുവയെ പിടികൂടുന്നതിനുവേണ്ടി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ഇരയായി ആട്, പോത്ത് എന്നിവയെ വാങ്ങി നൽകണമെന്ന് ഗ്രാമപഞ്ചായത്തധികൃതരെ അറിയിച്ചിരുന്നു.
തുടർന്ന് ഗ്രാമപഞ്ചായത്ത് മെമ്പർമാർ പിരിവെടുത്താണ് കാൽ ലക്ഷത്തോളം രൂപ ചെലവഴിച്ച് പോത്തിനെയും ആടിനെയും വാങ്ങിച്ചു നൽകിയത്. ഇരയെ കടുവ ഭക്ഷണമാക്കുകയാണെങ്കിൽ വില തിരികെ നൽകാം എന്നായിരുന്നു പറഞ്ഞിരുന്നത്. കടുവയോ, പുലിയോ ഇരയെ ഭക്ഷിച്ചില്ലെങ്കിൽ അവ തിരിച്ചു നൽകാമെന്നും അറിയിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ഇവയെ ലേലം ചെയ്ത് വിൽപ്പന നടത്തിയതായാണ് പത്രമാധ്യമങ്ങൾ വഴി അറിഞ്ഞതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രസ്തുത പണം ഏതു വഴിക്കാണ് ചെലവഴിച്ചതെന്നും അധികൃതർ വ്യക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.