അസ്മാബിക്ക് ഇനി വെള്ളം കോരേണ്ട : മോട്ടോറും ടാങ്കും വനപാലകർ നൽകി
1581733
Wednesday, August 6, 2025 5:53 AM IST
നിലന്പൂർ: അസ്മാബിക്ക് ഇനി കിണറ്റിൽ നിന്ന് വെള്ളം കോരേണ്ട. ടാങ്കും മോട്ടോറും ഉൾപ്പെടെ എത്തിച്ച് വനപാലകർ. ചാലിയാർ പഞ്ചായത്തിലെ എളന്പിലാക്കോട് തണ്ണിപൊയിൽ സ്വദേശി കണ്ടിയിൽ അസ്മാബിക്കും കുടുംബത്തിനുമാണ് സഹായവുമായി അകന്പാടം വനം സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്റെ നേതൃത്വത്തിൽ വനപാലകരെത്തിയത്.
സാന്പത്തിക പ്രയാസം മൂലം കിണറ്റിൽ മോട്ടോർ സ്ഥാപിക്കാനോ ടാങ്ക് വാങ്ങാനോ കഴിയാത്തതിനെ തുടർന്ന് ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കുകയായിരുന്നു അസ്മാബി. ഇത് ശ്രദ്ധയിൽപ്പെട്ട വനപാലകർ തങ്ങളുടെ ശന്പളത്തിൽ നിന്ന് ഒരു വിഹിതവും കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെയും സഹായത്തോടെയാണ് 20,000 ത്തോളം രൂപ ചെലവഴിച്ച് മോട്ടോർ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കിയത്.
ജീവകാരുണ്യ മേഖലയിൽ രണ്ട് വർഷത്തിനിടയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അകന്പാടം വനം സ്റ്റേഷനിലെ വനപാലകർ നടത്തിവരുന്നത്. ആദിവാസി മേഖലകളിലുൾപ്പെടെ സഹായവുമായി ഇവർ എത്തുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് മിച്ചം പിടിക്കുന്ന തുകയാണ് വനപാലകർ ജീവകാരുണ്യ മേഖലയിൽ ചെലവഴിക്കുന്നത്.