വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം നൽകി
1582005
Thursday, August 7, 2025 5:48 AM IST
കരുവാരക്കുണ്ട്: വനംവകുപ്പിന്റെ ജീപ്പ് വീട്ടിലേക്ക് മറിഞ്ഞ് സാരമായ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് വീടിന്റെ അറ്റകുറ്റപണികൾക്കുള്ള ചെലവ് നൽകിയതായി വനം വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കാളികാവ് റേഞ്ച് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചത്. 46,000 രൂപയുടെ നിർമാണ സാമഗ്രികൾ സ്ഥലത്തെത്തിച്ചതായും 40,000 രൂപ കൂലിയിനത്തിൽ നൽകിയതായും റിപ്പോർട്ടിൽ പറഞ്ഞു. കരുവാരക്കുണ്ട് കൽക്കുണ്ടിലെ വി.എസ്. പ്രകാശിന്റെ വീട്ടിലേക്കാണ് ജീപ്പ് മറിഞ്ഞത്.
കൽക്കുണ്ട് ആർത്തല എസ്സി കോളനി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ജീപ്പാണ് 20 അടി താഴ്ചയിലേക്ക് പതിച്ചത്. പരാതിക്കാരന്റെ അമ്മയും മകനും തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടതായി പരാതിയിൽ പറയുന്നു.
കാളികാവ് റേഞ്ച് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ജീപ്പിലുണ്ടായിരുന്ന രണ്ടു വനിതാ ജീവനക്കാരുൾപ്പെടെ ആറ് പേർക്ക് സാരമായി പരിക്കേറ്റതായും ജീപ്പിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് അയച്ചെങ്കിലും മറുപടി സമർപ്പിച്ചില്ല. വനംവകുപ്പ് നഷ്ടപരിഹാരം അനുവദിച്ച സാഹചര്യത്തിൽ കേസ് തീർപ്പാക്കി.