ശാപമോക്ഷം കാത്ത് അങ്ങാടിപ്പുറം എഫ്സിഐ റോഡ്
1582276
Friday, August 8, 2025 6:15 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർ ഏറെയും കടന്നുപോകുന്ന എഫ്സിഐ റോഡ് എന്നറിയപ്പെടുന്ന ഗുഡ്സ് ഷെഡ് റോഡിന് ഇന്നും ശാപമോക്ഷമായില്ല. കാലങ്ങളോളമായി കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡ് ആധുനിക രീതിയിൽ നവീകരിക്കും എന്ന് റെയിൽവേ പറയുന്നുണ്ട്.
അതിനു മുന്നോടിയായി റോഡിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന വലിയ മരങ്ങൾ എല്ലാം മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. ഇത് ഒഴിച്ചാൽ മറ്റു പ്രവൃത്തികൾ ഒന്നും ഇതുവരെ നടത്തിയതായി കാണുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ഇതിലൂടെ ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർ ദേശീയപാതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലും എഫ്സിഐയിലേക്ക് വരുന്ന ലോറികൾ വരിവരിയായി നിർത്തിയിടുന്നുണ്ട്. ഇതിനിടയിലൂടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
രാത്രികാല ട്രെയിനിലെ യാത്രക്കാർ ഇരുട്ടിൽ തപ്പിയാണ് റോഡിൽ എത്തുന്നത്. ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.