റോഡ് നന്നാക്കാത്തതിൽ "മീൻ പിടിച്ച് ’ പ്രതിഷേധം
1582500
Saturday, August 9, 2025 5:43 AM IST
നിലന്പൂർ: റോഡുകൾ പൊട്ടിപൊളിഞ്ഞതിന് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ നിറഞ്ഞ വെള്ളത്തിൽ ചൂണ്ടയിട്ട് "മീൻ പിടിച്ച്’ പ്രതിഷേധ സമരവുമായി നിലന്പൂർ വികസന സമിതി.
നിലന്പൂർ നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയുംഅധീനതയിലുള്ള നിലന്പൂരിലെ മിക്ക റോഡുകളും തകർന്ന സാഹചര്യത്തിലാണ് നിലന്പൂർ വികസന സമിതി സമരവുമായെത്തിയത്. നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര ദുഷ്കരമാണ്. ഇതിൽ പ്രതിഷേധിച്ചാണ് വികസന സമിതി നിലന്പൂർ പൊതുമരാമത്ത് റോഡ്സ് കാര്യാലയത്തിന്റെ മുന്നിൽ പ്രതിഷേധിച്ചത്.
നിലന്പൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരംവരെ സമരം നീണ്ടു. മജീഷ്യൻ ആർ.കെ. മലയത്ത് ഉദ്ഘാടനം ചെയ്തു. അഹമ്മദ്കുട്ടി കാപ്പിൽ അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള മൈലാടി, സി.പി. ബോബി, വിനോദ് പി. മേനോൻ, സുരേഷ് മങ്ങാട്ടുതൊടിക, യു. നരേന്ദ്രൻ, കെ.ആർ.സി. നിലന്പൂർ, ജോഷ്വാ കോശി, നൗഷാദ് തടത്തിൽ, സുരാജ് നിലന്പൂർ എന്നിവർ പ്രസംഗിച്ചു.