അധികൃതരുടെ അവഗണനയിൽ നീലിപ്പറന്പ് ജലസംഭരണി
1581997
Thursday, August 7, 2025 5:48 AM IST
ജലസംഭരണി ശുചീകരിച്ച് ജലവിതരണം പുനരാരംഭിക്കണമെന്ന് ആവശ്യം
മഞ്ചേരി : ഒരു പ്രദേശത്തിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാക്കിയേക്കാവൂന്ന ജല സംഭരണി പതിറ്റാണ്ടുകളായി അധികൃതരുടെ അവഗണനയിൽ. മഞ്ചേരി മുള്ളന്‍പാറ നീലിപ്പറന്പിലെ ജലസംഭരണിയാണ് കാലങ്ങളായി അധികൃതർ തിരിഞ്ഞു നോക്കാതെ കാടുപിടിച്ചു കിടക്കുന്നത്.
42 വർഷം മുന്‍പാണ് നീലിപ്പറന്പ് കോട്ടേക്കുന്നിന് മുകളിൽ അര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് സ്ഥാപിച്ചത്. മുള്ളന്‍പാറ, കോലാർകുന്ന്, വട്ടപ്പൊന്ത ഭാഗങ്ങളിലേക്ക് കടലുണ്ടി പുഴയിൽ നിന്ന് കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ടാങ്ക് പിന്നീട് ആരും തിരിഞ്ഞു നോക്കാതെയായി.
കുന്നിനു മുകളിൽ പിന്നീട് ഗവണ്മെന്റ് ആയൂർവേദ ആശുപത്രി സ്ഥാപിച്ചതോടെ ജലസംഭരണി ആതുരാലയ വളപ്പിനകത്തായി.
കാര്യമായ കേടുപാടുകൾ സംഭവിക്കാത്ത ജലസംഭരണി ശുചീകരിച്ച് ജലവിതരണം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇക്കാര്യമുന്നയിച്ച് പ്രദേശവാസികളുടെ ഒപ്പു ശേഖരണം നടത്തി അധികൃതർക്ക് ഭീമ ഹരജി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
പൊതുപ്രവർത്തകരായ എം.കെ. ആലിക്കോയ, ഗിന്നസ് സലീം പടവണ്ണ, കെ. ഷാജഹാൻ, വി.എം. അലവിക്കുട്ടി, കൃഷ്ണൻകുട്ടി, വാട്ടർ അഥോറിറ്റി മുൻ എഇ അക്ബറലി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് ടാങ്ക് പരിസരം വൃത്തിയാക്കുകയും ആശുപത്രി അധികൃതരുമായി വിഷയം ചർച്ച ചെയ്ത് പിന്തുണ ഉറപ്പാക്കുകയും ചെയ്തു.