കരിപ്പൂർ വിമാനദുരന്തം അഞ്ചാം വാർഷികം ഇന്ന് : രക്ഷാപ്രവർത്തകർക്കുള്ള നന്ദി സൂചകമായി ആശുപത്രി
1581983
Thursday, August 7, 2025 5:14 AM IST
മലപ്പുറം: നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് അഞ്ച് വർഷം തികയുന്പോൾ പ്രാണൻ നൽകിയവരോടുള്ള നന്ദി സൂചകമായി വിമാനാപകടത്തിലെ ഇരകളും കുടുംബങ്ങളും കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ച് നൽകിയിരിക്കുന്നു. മലബാർ ഡവലപ്പ്മെന്റ് ഫോറം വിമാനാപകട ചാരിറ്റി ഫൗണ്ടേഷനാണ് കരിപ്പൂർ ദുരന്തത്തിന്റെ സ്മാരകമായി ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത്.
കരിപ്പൂരിലെ വിമാനാപകട രക്ഷാപ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനു രാത്രിയായിരുന്നു അപകടം. 184 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപെട്ടത്. വൈമാനികർ ഉൾപ്പെടെ 21 പേർ മരിച്ചു. 169 പേർ രക്ഷപ്പെട്ടു.
റണ്‍വേയിൽ നിന്ന് തെന്നി ടേബിൾ ടോപ് റണ്‍വേയിൽ നിന്ന് താഴ്ചയിലേക്ക് പതിച്ച വിമാനം മൂന്നായി പിളരുകയായിരുന്നു. വിമാനത്തിനുള്ളിൽ പ്രാണന് വേണ്ടി നിലവിളിച്ച മനുഷ്യരെ തിമർത്തു പെയ്യുന്ന മഴയും കോവിഡ് മഹാമാരിയും വകവക്കാതെ സ്വന്തം ജീവൻ മറന്ന് വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച നാട്ടുകാരെ നാടാകെ പ്രശംസിച്ചു.
അപകടത്തിൽ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും അവർക്ക് ലഭിച്ച നഷ്ടപരിഹാരത്തിൽ നിന്ന് ഒരു വിഹിതം കൊണ്ട് അവരെ ജീവിതത്തിലേക്ക് വഴി നടത്തിയ നാട്ടുകാർക്കായാണ് ആശുപത്രി കെട്ടിടം നിർമിച്ചു നൽകിയിരിക്കുന്നത്.
എൻഎച്ച് കോളനിയിലെ നിർധനരായ രോഗികളുടെ ആശാകേന്ദ്രമായ ചിറയിൽ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഒപി റൂം, ഫാർമസി, ലാബ്, രോഗികൾക്ക് കാത്തിരിപ്പ് കേന്ദ്രം, മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യങ്ങളടക്കം കെട്ടിടത്തിലുണ്ട്. 12 ലക്ഷം മുതൽ ഏഴര കോടി രൂപ വരെയാണ് നഷ്ടപരിഹാരമായി എയർഇന്ത്യ നൽകിയത്.
സെപ്തംബർ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാഥിതിയായിരിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എംപിമാർ, എംഎൽഎമാർ പങ്കെടുക്കും. ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യരക്ഷാധികാരിയും യു.എ. നസീർ രക്ഷാധികായാരിയും അബ്ദുറഹിമാൻ ഇടക്കുനി ചെയർമാനും കെ. അബ്ദുൾ റഹീം ജനറൽ സെക്രട്ടറിയായും കമ്മിറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി, ജനറൽ സെക്രട്ടറി കെ. അബ്ദുറഹിം, ഓർഗനൈസിംഗ് സെക്രട്ടറി വി.പി. സന്തോഷ് കുമാർ, കോ ഓർഡിനേറ്റർ ഒ.കെ. മൻസൂർ ബേപ്പൂർ, ഷെമീർ വടക്കൻ, പി.എ. അബ്ദുൾ കലാം ആസാദ്, എൻ.സി. ജബ്ബാർ നരിക്കുനി, ഉമ്മർകോയ തുറക്കൽ പങ്കെടുത്തു.