കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആറാണ്ട് : ദുരന്തം സമ്മാനിച്ച നീറുന്ന ഓര്‍മകള്‍ പേറി മലയോര ഗ്രാമം
1582253
Friday, August 8, 2025 5:29 AM IST
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ആറാണ്ട്, ദുരന്തം സമ്മാനിച്ച നീറുന്ന ഓര്‍മകള്‍ പേറി മലയോര ഗ്രാമം. 2019 ഓഗസ്റ്റ് എട്ടിനാണ് കേരളക്കരയെ നടുക്കിയ കവളപ്പാറ മുത്തപ്പന്‍കുന്ന് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. അതിശക്തമായ പേമാരിയെത്തുടര്‍ന്ന് മുത്തപ്പന്‍കുന്നിന്റെ ഒരുഭാഗം അടര്‍ന്നിറങ്ങി ഒരു ഗ്രാമത്തെയൊന്നാകെ മണ്ണാഴങ്ങളിലേക്ക് തള്ളിയിട്ടു. കവളപ്പാറ ഊരുനിവാസികളടക്കം 59 പേരാണ് അന്ന് മരിച്ചത്.
ഇരുപത് ദിവസത്തിലേറെ നീണ്ട രക്ഷാദൗത്യങ്ങള്ക്കൊടുവില് മണ്ണില്‍ പുതഞ്ഞ നാല്‍പ്പത്തിയെട്ട് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനായി. പതിനൊന്ന് പേര് ഇന്നും മുത്തപ്പന്‍കുന്നിന്റെ താഴ്വാരത്ത് അന്ത്യനിദ്ര കൊള്ളുന്നു. പെറ്റുവളര്‍ന്ന മണ്ണില്‍ ഒരു മനുഷ്യായുസില്‍ ഉണ്ടാക്കിയതെല്ലാം അവരോടൊപ്പം മണ്ണടിഞ്ഞു. ഒന്നാര്ത്തുവിളിക്കാന്പോലും ദയകാണിക്കാതെ മുത്തപ്പന്‍കുന്ന് തന്റെ മക്കളെ നിത്യതയിലേക്ക് നയിച്ചു.
നാല്പതില്പരം വീടുകളാണ് മനുഷ്യജീവനുകള്‍ക്കൊപ്പം മണ്ണിനടിയിലായത്. ദുരന്തം നടന്ന കവളപ്പാറയിലെ 133 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളിലായി പുനരധിവാസമൊരുക്കി. പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്ക് ഉപ്പട മലച്ചിയിലും ആനക്കല്ലിലുമാണ് പുനരധിവാസമൊരുക്കിയത്.
സര്‍ക്കാര്‍ നല്കിയ പണമുപയോഗിച്ച് ചിലര്‍ സ്വന്തം നിലയ്ക്ക് എടക്കര, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ചേക്കേറി. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കായി ഞെട്ടിക്കുളം ടൗണിന് സമീപം ഭൂമി വാങ്ങിക്കുകയും ഇരുപത്തിമൂന്ന് വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുകയും ചെയ്തു. ഇതിന് പുറമെ പോത്തുകല്‍ ഭൂദാനത്ത് 33 വീടുകളും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ചുനല്‍കി.
ദുരന്തസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ജിയോളജി വിഭാഗം കണ്ടെത്തിയ ഭാഗങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും അവിടെനിന്നും മാറ്റിപ്പാര്‍പ്പിക്കുകയും അവര്‍ക്ക് അവശ്യമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ കവളപ്പാറ ദുരന്ത പ്രദേശത്തിന്റെ പരിസരങ്ങളില്‍ അധിവസിക്കുന്ന 72 കുടുംബങ്ങള്‍ ഇപ്പോഴും ഭീതിയുടെ നിഴലിലാണ്.
കവളപ്പാറ താഴെ ഊരിലെ 25 കുടുംബങ്ങളും മുത്തപ്പന് കുന്നിന്റെ താഴ്വാരത്ത് അധിവസിക്കുന്ന ജനറല്‍ വിഭാഗത്തിലെ 30 കുടുംബങ്ങളും കവളപ്പാറ തോടിന് ഇരുവശങ്ങളിലുമായി താമസിക്കുന്ന 17 കുടുംബങ്ങളുമാണ് ഭീതിയില്‍ കഴിയുന്നത്. പുനരധിവാസം ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും തീരുമാനമയില്ല.
കനത്ത മഴ പെയ്താല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടേണ്ട ഗതികേടിലാണ് ഇവരിന്നും. ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍കുന്നിലെ നാല്പതിലധികം കര്‍ഷകര്‍ക്കാണ് ഭൂമി നഷ്ടപ്പെട്ടത്. കര്‍ഷകരുടെ പരാതികളെത്തുടര്‍ന്ന് ഈ ഭൂമി വീണ്ടും കൃഷിയോഗ്യമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നടപടികള്‍ സ്വീകരിച്ചുവരുന്നു. ശ്മശാനത്തിന്റെ പ്രതീതിയുളവാക്കുന്ന അവസ്ഥയിലാണ് ദുരന്തഭൂമിയിന്നുള്ളത്.
പ്രളയദുരന്തത്തില്‍ കവളപ്പാറയക്ക് പുറമെ പാതാറിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഉരുള്‍പൊട്ടല്‍ വനത്തിലായതിനാല്‍ ആളപായമുണ്ടായില്ല. ഇഴുവാത്തോടിന്റെ കരകളിലുണ്ടായിരുന്ന നിരവധി വീടുകള്‍ പ്രളയപ്പാച്ചിലില്‍ തകര്‍ന്നു. പാതാര്‍ ടൗണ്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. മുണ്ടേരിയിലെ ആദിവാസികളുടെ ഏക ആശ്രയമായിരുന്ന ഇരുട്ടുകുത്തിയിലെ നടപ്പാലം, ചാലിയാര്‍ പുഴയിലെ കൈപ്പിനി പാലം എന്നിവയെല്ലാം പ്രളയത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുട്ടുകുത്തിയില്‍ പാലം നിര്‍മാണത്തിന് തുടക്കമിട്ടത്. 2019ലെ പ്രളയവും ഉരുള്‍പൊട്ടല്‍ ദുരന്തവും മലയോര മേഖലയെ പാടെ തളര്‍ത്തിക്കളഞ്ഞു. ആറ് വര്‍ഷം പിന്നിടുമ്പോള്‍ ഇരകളായവര്‍ ഇന്നും അതീജീവനപാതയിലാണ്.