വിദ്യാലയങ്ങൾക്ക് കാലാനുസൃതമായ മാറ്റമാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹ്മാൻ
1582499
Saturday, August 9, 2025 5:43 AM IST
താനൂർ: എല്ലാ വിദ്യാലയങ്ങൾക്കും കാലാനുസൃതമായ മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. താനൂർ ദേവധാർ യുപി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്കൂൾ പ്രവേശന കവാടം, ചുറ്റുമതിൽ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 ൽ മാസ്റ്റർ പ്ലാൻ തയാറാക്കി ആരംഭിച്ച പ്രവൃത്തികളാണ് ദേവധാർ സ്കൂളിൽ നടക്കുന്നത്. ആദ്യം 21 കോടിയുടെ പ്ലാനാണ് തയാറാക്കിയത്. ഇപ്പോഴത് 24 കോടിയുടെ പദ്ധതിയായി മാറി. ഹൈസ്കൂൾ വിഭാഗത്തിനായി നാലര കോടി കൂടി അനുവദിച്ചതോടെ ഇത് 29.5 കോടി രൂപയുടെ മാസ്റ്റർ പ്ലാനായി മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച് വികസനം നടത്തുന്ന വിദ്യാലയമാണിത്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ അന്താരാഷ്ട്രതലത്തിൽ തന്നെ മികച്ച വിദ്യാലയമായി ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ മാറും. ദേവധാർ ഫ്ളൈ ഓവറിന് അടുത്തായി കുട്ടികളുടെ കായിക പരിശീലനം ലക്ഷ്യമിട്ട് രണ്ടു ഗ്രൗണ്ടുകൾ നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. രണ്ടുകോടി രൂപ ചെലവിലാണ് ഇത് വിഭാവനം ചെയ്യുന്നത്.
വിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ച് നിർമിച്ച യുപി ബ്ലോക്കിൽ എട്ടുക്ലാസ് റൂമുകളാണുള്ളത്. സ്കൂൾ കവാടത്തിനും ചുറ്റുമതിലിനുമായി 35ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ദേവധാർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഒന്നാം ഘട്ടം പൂർത്തിയായ ഹൈസ്കൂൾ വിഭാഗത്തിന് 4.5 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
താനൂർ ഫിഷറീസ് സ്കൂളിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. കടലിലൂടെ സഞ്ചരിക്കുന്ന യാനങ്ങൾ നിരീക്ഷിക്കാൻ ടെലസ്കോപ്പും ലോകത്തിലെ സുപ്രധാന മത്സ്യങ്ങളെ പരിചയപ്പെടുത്തി അക്വേറിയവും ഫിഷറീസ് സ്കൂളിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ശാസ്ത്ര മേഖലകളിലുള്ള അറിവ് മാത്രമല്ല പരിസ്ഥിതിയെ തൊട്ടറിയാനും കൂടെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി എഇഒ ആയി പോകുന്ന സ്കൂൾ എച്ച്എം പി. ബിന്ദുവിനെ മന്ത്രി വി. അബ്ദുറഹ്മാൻ പൊന്നാടയണിച്ച് ആദരിക്കുകയും പിടിഎയുടെ ഉപഹാരം കൈമാറുകയും ചെയ്തു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, ജില്ലാ പഞ്ചായത്ത് മെന്പർ വി.കെ.എം. ഷാഫി,
താനാളൂർ ഗ്രാമപഞ്ചായത്ത് മെന്പർ കെ.വി. ലൈജു, എസ്എംസി ചെയർമാൻ ടി.പി. റസാഖ്, മലപ്പുറം ഡിഡിഇ പി.വി. റഫീഖ്, തിരൂരങ്ങാടി ഡിഇഒ കെ.ശശികുമാർ, എസ്എസ്കെ കോ ഓർഡിനേറ്റർ സുരേഷ് കൊളശേരി തുടങ്ങിയവർ സംബന്ധിച്ചു.