ഓണ്‍ലൈൻ ട്രേഡിംഗിലൂടെ 15 ലക്ഷം തട്ടിയെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ
1581981
Thursday, August 7, 2025 5:13 AM IST
മങ്കട: ഓണ്‍ലൈൻ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മക്കരപ്പറന്പ് സ്വദേശിയിൽനിന്ന് ബാങ്ക് ട്രാൻസ്ഫർ വഴി 15 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ സൂരജ് അബ്രഹാം (23), പാച്ചല്ലൂർ സ്വദേശിയായ സുൽഫിക്കർ (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പലതവണകളായാണ് പണം കൈക്കലാക്കിയത്.
2024 ഡിസംബറിലാണ് സംഭവം. പിന്നീട് ട്രേഡിംഗിന്റെ ലാഭം കൊടുക്കുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്തില്ല. പ്രതികൾ രണ്ടുപേരും ചേർന്ന് കരമനയിൽ കെട്ടിടം വാടകയ്ക്കെടുത്താണ് തട്ടിപ്പിന് കളമൊരുക്കിയത്.
ഇവർക്ക് പുറമെ കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് 150 ലേറെ സിം കാർഡുകൾ, 50 എടിഎം കാർഡുകൾ, പാസ് ബുക്കുകൾ, ചെക്ക് ബുക്കുകൾ, പേടിഎമ്മിന്റെ ക്യു ആർ കോഡ് സ്കാനർ മെഷീനുകൾ, പണം എണ്ണുന്നതിനുള്ള കൗണ്ടിംഗ് മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ ഇവർ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു.
മങ്കട പോലീസ് സ്റ്റേഷനിലും കർണാടകയിലും ഇരുവർക്കെതിരേ കേസുണ്ട്. സുഹൃത്തുക്കൾ വഴി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും തുടർന്ന് എടിഎം കാർഡ് ഉൾപ്പെടെ കൈക്കലാക്കി 2000 മുതൽ 3000 രൂപ പ്രതിഫലമായി കൊടുക്കുകയും ചെയ്താണ് ഇവർ ബാങ്ക് അക്കൗണ്ടുകൾ കൈവശപ്പെടുത്തിയിരുന്നത്. പിന്നീട് എടിഎം വഴി പണം പിൻവലിക്കുന്നതിന്റെ മെസേജ് ഫോണിൽ വരാതിരിക്കാൻ അക്കൗണ്ട് തുറക്കുന്പോൾ നൽകുന്ന മൊബൈൽ നന്പർ ഇവർ മാറ്റിയിരുന്നു.
കേരളത്തിൽമാത്രം മൂന്നു കോടിയിപരം രൂപ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്തിന്റെ നിർദേശ പ്രകാരം മങ്കട പോലീസ് ഇൻസ്പെക്ടർ അശ്വത് എസ്. കാരണ്മയിൽ, എസ്സിപിഒ സോണി ജോണ്സണ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് കരമന പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ്ഐ ജയപ്രസാദ്, എസ്സിപിഒ കിരണ്‍ എന്നിവരുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് ഇൻസ്പെക്ടർ ബിനോജ്, ഹരിലാൽ, രാജേഷ് എന്നിവരും അന്വേഷണത്തിന് സഹായിച്ചു.