പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഒപി കെട്ടിടം ഉദ്ഘാടനം 12ന്
1582503
Saturday, August 9, 2025 5:43 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്ക് 12ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നിലവിലെ ഒപി ബ്ലോക്കിനോട് ചേർന്നാണ് പുതിയ ബ്ലോക്ക് നിർമിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് എൻഎച്ച്എം മുഖേന അനുവദിച്ച 1.26 കോടി രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്എം.കെ. റഫീഖ, നഗരസഭ ചെയർമാൻ പി. ഷാജി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എം.കെ. മുസ്തഫ, കളക്ടർ വി.ആർ. വിനോദ്, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പുതിയ ഒപി കെട്ടിടം രണ്ട് നിലകളിലായാണ് പണിതിട്ടുള്ളത്. താഴത്തെ നിലയിൽ ജനറൽ മെഡിസിൻ, ചെസ്റ്റ്, ഡെർമറ്റോളജി, ഓർത്തോ ഒപികളും പ്ലാസ്റ്റർ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ജനറൽ സർജറി, ഡ്രസിംഗ് റൂം, ഇഎൻടി, പ്രൊസീജ്യർ റൂം, ഓങ്കോളജി തുടങ്ങിയവ മുകളിലെ നിലയിലുമാണ്.
ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നതോടെ ഇപ്പോൾ മാതൃശിശു ബ്ലോക്കിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഒപികൾ ഒഴിച്ച് എല്ലാ ഒപികളുടെയും സേവനം ഒറ്റ കെട്ടിടത്തിലേക്ക് മാറുന്നതിനാൽ പൊതുജനങ്ങൾക്ക് ഏറെ സൗകര്യമാകും. ഇ-ഹെൽത്ത് സംവിധാനം ഉടനെ ആശുപത്രിയിൽ നടപ്പാകുന്നതോടെ ഡോക്ടറെ കാണാനും രോഗനിർണയം കാര്യക്ഷമമായി നടപ്പാക്കാനും സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.