നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; 4700 രൂപ പിടിച്ചെടുത്തു
1582284
Friday, August 8, 2025 6:23 AM IST
നിലന്പൂർ: സംസ്ഥാനത്തെ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തുന്ന ഓപറേഷൻ സെക്യുർലാൻഡിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് സിഐ ജ്യോതിന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ പരിശോധന നടത്തി.
രജിസ്ട്രാർ ഓഫീസിലെ ഫയൽ റൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പിൽ നിന്നാണ് പണം കണ്ടെത്തിയത്. ഒരു ആധാരത്തിന്റെ കോപ്പിയിൽ നിന്ന് 3000 രൂപയും മറ്റൊരുആധാരത്തിന്റെ കോപ്പിയിൽ നിന്ന് 1500 രൂപയും മറ്റൊന്നിൽ നിന്ന് 200 രൂപയുമാണ് കണ്ടെത്തിയത്. പണം അനധികൃതമായി വാങ്ങിയത് ഏത് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്താനായിട്ടില്ല.
അതിനാൽ അനധികൃതമായ പണം കണ്ടെത്തിയതിന് സബ് രജിസ്ട്രാർ ഓഫീസിലെ മുഴുവൻ ജീവനക്കാർക്കെതിരേയും കുറ്റം ചുമത്തുമെന്ന് വിജിലൻസ് സിഐ ജ്യോതിന്ദ്രകുമാർ പറഞ്ഞു. ജീവനക്കാരുടെ മൊബൈലിൽ പണം ആവശ്യപ്പെടുന ശബ്ദ സന്ദേശവും വിജിലൻസ് കണ്ടെത്തി.
ജീവനക്കാരുടെ വാഹനങ്ങളിലും വിജിലൻസ് പരിശോധന നടത്തി. നിലമ്പൂർ സഹകരണ വകുപ്പ് ഓഡിറ്റർ പ്രജീഷിന്റെ സാന്നിധ്യത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. എഎസ്ഐ ഷൈജുമോൻ, എസ്സിപിഒ ധനേഷ്, സിപിഒ അഭിജിത് ദാമോദർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.