ഓട്ടോയിൽ കഞ്ചാവ് കടത്തിയ യുവാവിന് രണ്ടുവർഷം കഠിന തടവ്
1582501
Saturday, August 9, 2025 5:43 AM IST
മഞ്ചേരി: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയതിന് എക്സൈസ് സംഘം അറസ്റ്റുചെയ്ത പ്രതിക്ക് മഞ്ചേരി എൻഡിപിഎസ് കോടതി രണ്ടുവർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂർ വളവന്നൂർ കോട്ടയിൽ വീട്ടിൽ റഫീഖി(40)നെയാണ് ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്.
2018 മാർച്ച് 18ന് തിരുനാവായ പല്ലാർ വൈരങ്കോട് ജംഗ്ഷനു സമീപത്തുവച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും പിടികൂടിയത്. പ്രതി ഓടിച്ച ഓട്ടോറിക്ഷയിൽ നിന്ന് 2.1 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.
പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.