രണ്ട് ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
1582278
Friday, August 8, 2025 6:15 AM IST
മഞ്ചേരി: എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി. നൗഷാദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് പോലീസിന്റെ സഹായത്തോടെ കാവനൂരില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
കാവനൂര്‍ എകെസി ഇല്ലിക്കല്‍ സൈനബയുടെ വീടിനു പിറകുവശത്തുള്ള ഷെഡില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സൈനബയുടെ മകന് ഷമീറി (24)നെ അറസ്റ്റ് ചെയ്തു.
വിവിധ കടകളിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചു നല്കുന്ന ഷമീറിന്റെ പേരില്‍ സമാനമായ കേസ് നിലവിലുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
ഇയാളില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്ന കടകളും എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലാണ്. നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും വില്പന നടത്തുന്ന ആളുകളെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്ന് മഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി. നൗഷാദ് അറിയിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. സാജിദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.കെ. സനീറ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന്, അരീക്കോട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. ലിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ മനു പ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.