ചിയ്യാനൂരില്‍ ചിറകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
1582285
Friday, August 8, 2025 6:23 AM IST
ചങ്ങരംകുളം: ചിയ്യാനൂരില്‍ ചിറകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. നിരവധിപേര്‍ നീന്തല്‍ പരിശീലനത്തിനും ഉല്ലാസത്തിനും എത്തിയിരുന്ന കുളത്തില്‍ കുറച്ച് നാളായി പായല്‍ വന്ന് നിറഞ്ഞിരുന്നു. അടുത്ത ദിവസങ്ങളിലായി കുളത്തിലെ ഒരു ഭാഗത്ത് പായല്‍ ചീഞ്ഞ നിലയിലും വെള്ളം മലിനമായ നിലയിലുമായെന്ന് നാട്ടുകാര്‍ പറയുന്നു.
മത്സ്യങ്ങള്‍ ചത്തുപൊങ്ങി അസഹ്യമായ ദുര്‍ഗന്ധം കൂടി വന്നതോടെ കുളത്തില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി കുടുംബങ്ങളാണ് വൈകുന്നേരങ്ങളില്‍ ചിറകുളത്തിന് സമീപത്തെ പാര്‍ക്കില്‍ സമയം ചെലവഴിക്കാനായി എത്തുന്നത്. കുളം വൃത്തിയാക്കി പാര്‍ക്കിലെത്തുന്നവര്‍ക്ക് കുളിക്കാനും നീന്തല്‍ പരിശീനത്തിനും സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.