നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് തടസം നിൽക്കുന്നുവെന്ന് ചെയർമാൻ
1582502
Saturday, August 9, 2025 5:43 AM IST
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് തടസം നിൽക്കുന്നുവെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം. നിലന്പൂരിലെ സാധാരണക്കാരുടെ ആശ്രയമായ ജില്ലാ ആശുപത്രി വികസനത്തിന് കൂടെ നിൽക്കേണ്ട കോണ്‍ഗ്രസ് അടിസ്ഥാന വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ ചെയർമാൻ ആരോപിച്ചു. നിലന്പൂരിലെ കോണ്‍ഗ്രസ് നേതൃത്വം വികസന വിരോധികളാണെന്നും ചെയർമാൻ പറഞ്ഞു.
നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് ആശുപത്രിയോട് ചേർന്നു കിടക്കുന്ന ഗവണ്മെന്റ് മോഡൽ യുപി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കാനും പ്രവൃത്തികളുമായി മുന്നോട്ട് പോകാനും സംസ്ഥാന സർക്കാരും നിലന്പൂർ നഗരസഭ ഭരണസമിതിയും ആത്മാർഥ ശ്രമം തുടരുന്പോഴാണ് ഇതിന് കോണ്‍ഗ്രസ് തടസം നിൽക്കുന്നത്.
നഗരസഭ കൗണ്‍സിൽ യോഗത്തിൽ സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കാൻ പാടില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാർ പാലോളി മെഹബൂബിന്റെ നേതൃത്വത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിയോജനക്കുറിപ്പ് നൽകിയതുമാണ്. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ എൽഡിഎഫ് ഗവണ്മെന്റ് എൻഎച്ച്എം പദ്ധതിയിൽ 89 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബ്ലോക്ക് നിർമിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിൽ താൻ സംസാരിച്ചപ്പോൾ ബഹളം വച്ച് കോണ്‍ഗ്രസ് അംഗങ്ങൾ തങ്ങളുടെ വികസന വിരുദ്ധത പരസ്യമാക്കി.
നിലന്പൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിൽ വളരെക്കാലം എംഎൽഎയും മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദോ പഞ്ചായത്ത് പ്രസിഡന്റും മുൻസിപ്പൽ ചെയർമാനുമായിരുന്ന ആര്യാടൻ ഷൗക്കത്തോ ഇടപെടൽ നടത്തിയിട്ടില്ല.
ആശുപത്രിക്ക് ഒരു സിറിഞ്ച് പോലും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് നഗരസഭ ചെയർമാൻ ചോദിച്ചു. മുൻ എംഎൽഎ പി.വി. അൻവറും രാജ്യസഭാംഗം പി.വി. അബ്ദുൾ വഹാബ് എംപി എന്നിവരുടെ ഇടപെടലും കൂടാതെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് നിലന്പൂർ നഗരസഭ ഭരണസമിതി സ്കൂളിന്റെ സ്ഥലം വിട്ടുനൽകാൻ തിരുമാനിച്ചത്.
ഇതേതുടർന്നാണ് സർക്കാർ സ്ഥലം ആശുപത്രി വികസന പ്രവൃത്തികളിലേക്ക് കടന്നതെന്ന് നഗരസഭാ ചെയർമാൻ ചൂണ്ടിക്കാട്ടി. ജില്ലാ ആശുപത്രി വികസനത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹീം എന്നിവരും പങ്കെടുത്തു.