ജനവാസ കേന്ദ്രത്തിൽ എബിസി സെന്റർ അനുവദിക്കരുത്: സിപിഎം
1581731
Wednesday, August 6, 2025 5:53 AM IST
മങ്കട: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പദ്ധതിക്കുള്ള അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) കേന്ദ്രത്തിന് മങ്കടയിലെ ജനവാസ കേന്ദ്രമായ നാടിപ്പാറയിൽ സ്ഥലം അനുവദിക്കരുതെന്ന് സിപിഎം മങ്കട, വെള്ളില ലോക്കൽ കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു.
മങ്കട പഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെടുന്ന നാടിപ്പാറയിൽ 50 സെന്റ് സ്ഥലം പാട്ടവ്യവസ്ഥയിൽ ഏറ്റെടുക്കാൻ കളക്ടർ പെരിന്തൽമണ്ണ തഹസിൽദാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയിലാണ് റവന്യു വകുപ്പിന്റെ അധീനതയിലുള്ള 50 സെന്റ് പുറന്പോക്ക് ഭൂമി പാട്ടത്തിന് നൽകാൻ നിർദേശം.
തദ്ദേശവകുപ്പും മൃഗസംരക്ഷണവകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പാട്ടവ്യവസ്ഥയിൽ സ്ഥലം അനുവദിക്കാനുള്ള കളക്ടറുടെ നിർദേശം. എബിസി സെന്റർ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിൽ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.
ഈ റവന്യു ഭൂമി ജനവാസ കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിന്റെ 300 മീറ്റർ ചുറ്റളവിൽ രണ്ട് സ്കൂളുകളുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്. വാനനിരീക്ഷണത്തിനും വിനോദത്തിനുമായി ധാരാളം പേർ ഇവിടെ എത്താറുണ്ട്. മണ്ണാർകുണ്ട് എസ്സി നഗറും കരിമുത്തിൽ എസ്സി നഗറും കൂടാതെ ധാരാളം വീടുകളുമുള്ള ഈ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗറലി പറഞ്ഞു.
ജനവാസകേന്ദ്രത്തിലെ എബിസി സെന്ററിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗങ്ങളായ ഫൈസൽ മാന്പള്ളി, കുട്ടാനു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി. അരവിന്ദൻ, സി.ടി. ഷറഫുദ്ദീൻ, മാന്പറ്റ ഉണ്ണി, സി. ജയരാജൻ എന്നിവർ പറഞ്ഞു. ജനകീയ പ്രക്ഷോഭത്തിന് മുന്നോടിയായി ഒപ്പു ശേഖരണം നടത്തുമെന്നും പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അലി അക്ബർ, ഉഷ എന്നിവർ പറഞ്ഞു.