അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും : നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ
1581737
Wednesday, August 6, 2025 5:53 AM IST
തേഞ്ഞിപ്പലം: ചെങ്കല്ല് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും കാരണം നിർമാണ മേഖലയിൽ കടുത്ത പ്രതിസന്ധി. കാലവർഷത്തിൽ കടക്കെണിയിലായ തൊഴിലാളികൾ നിർമാണ മേഖല ഏറെക്കുറെ സ്തംഭനാവസ്ഥയിലായതോടെ കൂടുതൽ ദുരിതത്തിലായി. പ്രകൃതിക്ഷോഭം കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയതിനാൽ മാസങ്ങളായി കണ്ണൂർ, കാസർഗോഡ് മേഖലയിൽ നിന്നാണ് മികച്ചയിനം ചെങ്കല്ല് മലപ്പുറം ജില്ലയിലേക്ക് എത്തുന്നത്.
മഴ ശക്തമായതോടെ ഇവിടെ നിന്നുള്ള കല്ല് വരവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എം സാന്റ് അടക്കമുള്ള മറ്റ് അസംസ്കൃത സാധനങ്ങളുടെ ലഭ്യതയിലും കാര്യമായ കുറവുണ്ട്. ഇത് ജില്ലയിലെ നിർമാണ മേഖലയിൽ പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണ്. അതിനാൽ മാസങ്ങളായി തൊഴിലാളികളിൽ പലർക്കും ഒട്ടുമിക്ക ദിവസങ്ങളിലും തൊഴിലില്ലാത്ത സ്ഥിതിയാണ്.
കണ്ണൂരിൽ നിന്ന് കൊണ്ടുവരുന്ന നല്ല ഗുണനിലവാരമുള്ള പോളിഷ് ചെയ്യാത്ത ചെങ്കല്ല് ഒന്നിന് 70 രൂപയിൽ അധികം വിലയുണ്ട്. ജില്ലയിൽ ലഭ്യമായിരുന്ന കല്ലിന് 56 രൂപയോളമേ വിലയുണ്ടായിരുന്നുള്ളൂ. എന്നാൽ കണ്ണൂർ കല്ലിന് ഗുണനിലവാരവും വിസ്തീർണവും കൂടുതലാണെന്നും തൊഴിലാളികൾ പറയുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയോടെ മാത്രമേ കല്ലും മണ്ണും എടുത്തുകൊണ്ടു പോകാനാകൂ എന്നിരിക്കെ രാത്രികാലങ്ങളിൽ ബില്ല് ഇല്ലാതെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കണ്ണുവെട്ടിച്ചും ജില്ലയിലേക്ക് കല്ല് കൊണ്ടുവരുന്നുണ്ട്.
സാന്പത്തിക ശേഷിയുള്ളവർ കൂടിയ വിലയ്ക്ക് അസംസ്കൃത സാധനങ്ങൾ എത്തിച്ച് നിർമാണ പ്രവൃത്തി നടത്തുന്പോൾ മറ്റുള്ളവർ പ്രവൃത്തി നടത്താനാകാതെ നിൽക്കുകയാണ്. ഇത് തൊഴിലാളികളുടെ വരുമാനത്തിനും തിരിച്ചടിയായിരിക്കുകയാണ്.