"ഭക്ഷ്യസാധനങ്ങളിലെ മായം കണ്ടെത്താൻ പരിശോധനാ കേന്ദ്രം ആരംഭിക്കണം’
1581736
Wednesday, August 6, 2025 5:53 AM IST
പെരിന്തൽമണ്ണ: ഭക്ഷ്യസാധനങ്ങളിലെ മായം കണ്ടെത്തുന്നതിന് ജില്ലാതലത്തിൽ ഗുണനിലവാര പരിശോധനാ കേന്ദ്രം ആരംഭിക്കണമെന്ന് താലൂക്ക് ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന താലൂക്ക്തല ഭക്ഷ്യോപദേശക സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ ഭക്ഷ്യസുരക്ഷാ വിഭാഗം കാര്യക്ഷമമായി പരിശോധന നടത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ താലൂക്ക് ഓഫീസിലെയും വിവിധ പഞ്ചായത്തുകളിലെയും വാഹനങ്ങൾ പരിശോധനാ ഘട്ടങ്ങളിൽ അനുവദിക്കാൻ നടപടി സ്വീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ റവന്യു, അളവ് തൂക്ക, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കും.
ബേക്കറി സാധനങ്ങൾ ഉണ്ടാക്കാൻ പഴകിയ എണ്ണ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും പരാതിയുയർന്നു. ഭക്ഷ്യോപയോഗ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിൽ മാസത്തിലൊരിക്കൽ അധികൃതർ പരിശോധന നടത്തണം. അളവ്, തൂക്ക ഉപകരണങ്ങളിലെ ക്രമക്കേട് കണ്ടെത്താൻ പരിശോധന കൂടുതൽ സജീവമാക്കണമെന്നും സീൽ ചെയ്യാത്ത അളവ്, തൂക്ക ഉപകരണങ്ങൾ പിടിച്ചെടുത്ത് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
യോഗത്തിൽ തഹസിൽദാർ എ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ വി.അബ്ദു, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ, മേലാറ്റൂർ പഞ്ചായത്ത് പ്രസിസന്റ് മുഹമ്മദ് ഇക്ബാൽ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.