അജൈവമാലിന്യങ്ങള്‍ സംഭരിക്കാന്‍ ഷിപ്പിംഗ് കണ്ടെയ്നറുകള്‍
1424815
Saturday, May 25, 2024 5:46 AM IST
കോഴിക്കോട്: കോര്പറേഷന് പ്രദേശത്തെ അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനു ഷിപ്പിംഗ് കണ്ടെയ്നറുകള്‍ എത്തി. ചാക്കില്‍ കെട്ടി പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കുട്ടിയിടുന്നത് ഇനി ഓര്‍മകളിലേക്കു മറയും. 25 ഷിപ്പിംഗ് കണ്ടെയ്നറുകളാണ് കോര്പറേഷന് വാങ്ങിയിട്ടുള്ളത്. 55 ലക്ഷം രൂപ കോര്പറേഷന് ഇതിനായി മാറ്റിവച്ചിരുന്നു.
ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി റോഡരികില്‍ സൂക്ഷിച്ചുവയ്ക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്. സംസ്കരണ കേന്ദ്രത്തിലേക്ക് ഇവ മാറ്റുന്നതുവരെ ഇവ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങള്‍ക്ക് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. മാസങ്ങളോളം ഇവ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ടായി.
തെരുവുനായ്ക്കള്‍ ചാക്കുകള്‍ കടിച്ചുകീറുന്നതു കാരണം മാലിന്യം പുറത്തേക്ക് വരുന്ന സാഹചര്യമുണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ വഴി സാധിക്കുമെന്നാണ് കരുതുന്നത്. ഓരോ വാര്‍ഡില്‍ നിന്നും രണ്ടായിരത്തോളം ചാക്ക് മലിന്യമാണ് സംഭരിക്കുന്നത്. 20 അടി നീളമുള്ള കണ്ടെയ്നറുകളില്‍ 500 മാലിന്യ ചാക്കുകള്‍ സൂക്ഷിക്കാന്‍ സാധിക്കും.
അജൈവ മാലിന്യങ്ങള്‍ മാസങ്ങളോളം ഇതില്‍ സൂക്ഷിക്കാന്‍ പറ്റും. ഇവ പൂട്ടിയിടുകയും ചെയ്യാം. കൂടുതല്‍ കണ്ടെയ്നറുകള്‍ വാങ്ങാനും കോര്പറേഷന് ആലോചിക്കുന്നുണ്ട്. ടാഗോര്‍ ഹാളിനു സമീപമാണ് കണ്ടെയ്നറുകള്‍ സൂക്ഷിച്ചിട്ടുള്ളത്. രണ്ടു വാര്‍ഡുകള്‍ക്ക് ഒരു കണ്ടെയ്നര്‍ എന്ന നിലയ്ക്കാണ് ഇപ്പോള്‍ വിതരണം ചെയ്യുക.
നെല്ലിക്കോട്ടെയും ഞെളിയന്‍പറമ്പിലേയും സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുമുമ്പ് മാലിന്യം തരംതിരിക്കാന്‍ സുരക്ഷിതമായ സൗകര്യം ഇതോടെ ഹരിത കര്‍മ സേനയ്ക്ക് ലഭിക്കും.
നഗരത്തില്‍ എംസിഎഫുകള്‍ സ്ഥാപിക്കുന്നതിനു നാട്ടുകാരില്‍നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുകയും ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്നര്‍ വാങ്ങള്‍ കോര്പറേഷന് തീരുമാനിച്ചത്. സംസ്ഥാനത്ത് ഷിപ്പിംഗ് കണ്ടെയ്നറുകള്‍ എംസിഎഫിന് ഉപയോഗപ്പെടുത്തുന്ന ആദ്യ തദ്ദേശസ്ഥാപനമായിരിക്കും കോഴിക്കോട് കോര്പറേഷന്.