തൃശൂർ പൂരം: വനം വകുപ്പിന്റെ വിവാദ സർക്കുലറിനെതിരേ വിശദീകരണം ആവശ്യപ്പെട്ടതായി മന്ത്രി ശശീന്ദ്രൻ
1416736
Tuesday, April 16, 2024 7:29 AM IST
കണ്ണൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആനയെഴുന്നെള്ളിപ്പിനെ പ്രതിസന്ധിയിലാക്കി വനംവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടിയതായി മന്ത്രി എ.കെ ശശീന്ദ്രന്.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡീ. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. ഗൗരവമുള്ള പ്രശ്നങ്ങള്‍ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത് ഉത്തരവ് പുറത്തിറക്കിയ ചീഫ് ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്ഡന് കോടതിയില്‍ ജാഗ്രത കാണിച്ചില്ല.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കും. തൃശൂര്‍ പൂരം നല്ല രീതിയില്‍ നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പൂരം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണം മുതലെടുപ്പ് രാഷ്ട്രീയത്തിന്റേതാണെന്നും മന്ത്രി പറഞ്ഞു.