സഹകരണമേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്
1416740
Tuesday, April 16, 2024 7:29 AM IST
പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ അതിന്റെ ആസ്തിബാധ്യതകളോടുകൂടി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയായി. സഹകരണ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് ഇന്ന് രാവിലെ 10 മുതൽ പൂളക്കുറ്റിയിൽ പ്രവർത്തനമാരംഭിക്കും.
ലോക്സഭാ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിലുള്ളത് കാരണം ഉദ്ഘാടനവും മറ്റ് ആഘോഷങ്ങളും ഇല്ലാതെയാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നത്. സഹകരണ വകുപ്പിന്റെ കീഴിൽ ഒരു സഹകരണ സംഘത്തെ മറ്റൊരു സഹകരണസംഘത്തിന് ഏറ്റെടുക്കാൻ വ്യവസ്ഥകൾ ഉണ്ടെങ്കിലും ഒരു സഹകരണ ബാങ്ക് മറ്റൊരു സഹകരണ ബാങ്കിനെ നഷ്ടത്തിലായതിനെത്തുടർന്ന് പൂട്ടിപ്പോകുന്ന സാഹചര്യത്തിൽ ഏറ്റെടുക്കുക അപൂർവങ്ങളിൽ അപൂർവമാണ് .കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഇത്തരമൊരു ഏറ്റെടുക്കൽ നടപടി കേരളത്തിൽ നടന്നിട്ടില്ല.
2023ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആറുകോടി അടുത്ത് നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക്. കേരള ബാങ്കിന് കിട്ടാനുള്ള പലിശ അവരും ബാങ്കിലെ നിക്ഷേപകർക്ക് കിട്ടാനുള്ള പലിശ അവരും ഒഴിവാക്കാൻ സമ്മതിച്ചതിന്റെ ഭാഗമായി ഏകദേശം മൂന്നു കോടി അന്പത് ലക്ഷം രൂപയിൽപരം രൂപയുടെ നഷ്ടമാണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് ഏറ്റെടുക്കുന്നത് മൂലം തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന് ബാധ്യതയാകുന്നത്. പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് മെംബർമാർക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിലെ മെംബർമാരാ കാൻ തുടർന്നും അവസരമുണ്ട്.
കൂടാതെ അവിടുത്തെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം പുനർ നിക്ഷേപിക്കാനോ ഡെപ്പോസിറ്റ് പിൻവലിക്കാനോ ഉള്ള അവസരം ഇതിലൂടെ സാധിക്കുന്നു .
1952 ൽ പ്രവർത്തനമാരംഭിച്ച തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് 72 വർഷത്തെ പ്രവർത്തനം കാഴ്ച വച്ച കണ്ണൂർ ജില്ലയിലെ മികച്ച ബാങ്കായി മാറിയിരിക്കുകയാണ്. 2024ലെ കണക്കുകൾ പരിശോധിക്കുമ്പോൾ മേഖലയിൽ ആദ്യമായി 100 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച ബാങ്കായി തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് മാറിയിട്ടുണ്ട്.