കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി
1417051
Thursday, April 18, 2024 1:48 AM IST
പയ്യാവൂർ: പയ്യാവൂർ ബസ്സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷൻ അടച്ചു പൂട്ടി. ഇതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ഗുഡ്സ് വാഹനക്കാരും പ്രഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാതെ വലയുന്നു. ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള കംഫർട്ട് സ്റ്റേഷനിൽ ഒരുമാസമായി അറ്റകുറ്റപ്പണി നടത്തിവരികയാണ്.
കംഫർട്ട് സ്റ്റേഷൻ വരാന്തയിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാലാണ് പൂർണമായി അടച്ചിട്ടത്. നേരത്തെ ശുചിമുറികൾ തകരാർ കാരണം അടച്ചിട്ടിരുന്നു. അത്യാവശ്യക്കാർക്ക് വനിതകളുടെ ശുചിമുറിയാണ് തുറന്നുകൊടുത്തിരുന്നത്. ജലക്ഷാമവും അടച്ചിടുന്നതിന് കാരണമായി പറയുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു.