സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
1458898
Friday, October 4, 2024 6:28 AM IST
ആദ്യദിനം തൃശൂർ, ഇടുക്കി ജില്ലകളുടെ മുന്നേറ്റം
കണ്ണൂർ:ഇരുപത്തിയഞ്ചാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ ആവേശ്വോജ്വലമായ തുടക്കം. മത്സരം ആദ്യദിനം പിന്നിട്ടതോടെ 79 പോയിന്റുകൾ വീതം നേടി തൃശൂരും ഇടുക്കിയുമാണ് ഒന്നാംസ്ഥാനത്ത്. 77 പോയിന്റോടെ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകൾ രണ്ടാംസ്ഥാനത്താണ്. തൊട്ടടുത്ത് 73 പോയിന്റുമായി മലപ്പുറവും 72 പോയിന്റുമായി തലസ്ഥാനമായ തിരുവനന്തപുരവും ഉണ്ട്. സ്കൂൾ തലത്തിൽ അടിമാലി മച്ചിപ്ലാവ് കാർമൽജ്യോതിയുടെ മുന്നേറ്റമാണ് ആദ്യദിനത്തിൽ കണ്ടത്. രണ്ടാംസ്ഥാനത്ത് നിർമലാസദനും ഇമൗസ് വില്ല റസിഡൻഷ്യൽ സ്കൂൾ മൂന്നാംസ്ഥാനത്തുമാണ്.
ഇന്നലെ രാവിലെ കെ.വി. സുമേഷ് എംഎൽഎ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സാധാരണ വിദ്യാർഥികളെക്കാൾ കഴിവും ശേഷിയും ഉള്ളവരാണ് സ്പെഷൽ സ്കൂൾ കുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ പ്രതിഭയും സർഗാത്മക ശേഷിയും വളർത്തിയെടുക്കുവാനാണ് ഇത്തരത്തിലുള്ള കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്,
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ആർ.സിന്ധു, സി.എ. സന്തോഷ്, ഉദയകുമാരി, പി.പ്രേമരാജൻ, കെ.ജ്യോതി എന്നിവർ പ്രസംഗിച്ചു. സമഗ്ര ശിക്ഷ കേരള ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ സ്വാഗത നൃത്തവും സ്വാഗത ഗാനവും നടത്തി.