കുടം എടുക്കുന്നതിനിടയിൽ കിണറ്റിൽ വീണുമരിച്ചു
1601642
Tuesday, October 21, 2025 10:20 PM IST
പയ്യന്നൂർ: കിണറ്റിൽ വീണ കുടം എടുക്കുന്നതിനിടെ മധ്യവയസ്കൻ കിണറ്റിൽ വീണു മരിച്ചു. രാമന്തളി ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ പാൽ വിതരണക്കാരൻ വില്ലേജ് ഓഫീസിന് സമീപത്തെ കൊയിത്തട്ട മീത്തലെ വീട്ടിൽ രവീന്ദ്രനാണ് (64) മരിച്ചത്.
പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. അയൽവാസിയായ തമ്പാന്റെ വീട്ടിലെ 17 കോൽ ആഴമുള്ള കിണറിൽ വീണ കുടം എടുക്കാൻ ഇറങ്ങുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
പയ്യന്നൂരിൽ നിന്നെത്തിയ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം വെള്ളത്തിനടിയിൽനിന്നും മുങ്ങിയെടുത്ത ഇയാളെ കരയ്ക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: കെ.വി. ജാനകി. മക്കൾ: സത്യജിത്ത്, ദീപിക (ഇരുവരും യുഎഇ). മരുമകൻ: ബിജു (യുഎഇ). സഹോദരങ്ങൾ: ലക്ഷ്മണൻ, ബാലാമണി, രമേശൻ. സംസ്കാരം ഇന്നു 10 ന് രാമന്തളി സമുദായ ശ്മശാനത്തിൽ നടക്കും.