ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പികെഎസ് ഉപരോധിച്ചു
1261923
Tuesday, January 24, 2023 11:41 PM IST
കൊട്ടിയം : പട്ടികജാതി ക്ഷേമ സമിതി (പി കെ എസ്) കൊട്ടിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് വക ശ്മശാനം തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടു പട്ടികജാതി ക്ഷേമസമിതി പ്രഖ്യാപിച്ച സമരത്തെയും സമരം സംഘടിപ്പിച്ച സംഘടനയെയും അധിക്ഷേപിച്ചുകൊണ്ട് പഞ്ചായത്തംഗം ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും അശ്ലീലവും ജാതീയവുമായ സന്ദേശങ്ങൾ അയച്ചു പൊതു സമൂഹത്തിൽ പട്ടികജാതി ജന വിഭാഗത്തെ ആക്ഷേപിച്ചതിനെതിരെയാണ് ഉപരോധം നടത്തിയത്.
സമരം സിപിഎം കൊട്ടിയം ഏരിയ കമ്മിറ്റി അംഗം, എം.സുഭാഷ് ഉദ്ഘാടനം ചെയ്തു. പി കെ എസ് ഏരിയ കമ്മിറ്റി സെക്രട്ടറി സി.ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. എം.എസ്.മധുകുമാർ വി കെ സത്യശീലൻ, ശന്തനു, രംഗ കുമാർ, അർജുനൻ, ഷേർളീ സ്റ്റീഫൻ, പഞ്ചായത്തംഗം ഹരികുമാർ, ജയൻ, മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരം അശ്ലീലവും ജാതീയവുമായ പരാമർശം നടത്തിയ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി പുറത്താക്കണമെന്നും പത്രവാർത്തകളിൽ അല്ലാതെ ശ്മശാനവും അനുബന്ധസൗകര്യങ്ങളും തുറന്നു നൽകണമെന്നും ആവശ്യപ്പെട്ട് 25 -ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പികെഎസ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും. പട്ടികജാതി ജന വിഭാഗത്തെ അധിക്ഷേപിച്ച ഗ്രാമ പഞ്ചായത്തംഗം രാജിവെക്കും വരെ തുടർ സമരം നടത്താനും നിയമനടപടികൾ സ്വീകരിക്കാനും പി കെ എസ് കൊട്ടിയം ഏരിയ കമ്മിറ്റി തീരുമാനിച്ചു.