ജീവനക്കാരുടെ കാരുണ്യത്താൽ ഓമനക്കുട്ടന് ആശ്വാസം
1262802
Saturday, January 28, 2023 10:42 PM IST
ചാത്തന്നൂർ : രോഗം ബാധിച്ച് ശരീരം തളർന്ന ഗൃഹനാഥന്റെ വായ്പാ കുടിശിക വില്ലേജ് ഓഫീസിലെയും ബാങ്കിലെയും ജീവനക്കാർ അടച്ച് ജപ്തി നടപടികളിൽ നിന്നും രക്ഷപ്പെടുത്തി.
ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന റവന്യൂ- ബാങ്ക് അദാലത്തിലാണ് തുക അടച്ച് ജപ്തി ഒഴിവാക്കിയത്. ചാത്തന്നൂർ മാമ്പള്ളികുന്നം സ്വദേശി ഓമനക്കുട്ടൻ എസ് ബി ഐയിൽ നിന്നും വായ്പ എടുത്തിരുന്നു. ഇതിന് ശേഷം രോഗബാധിതനായി അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. വായ്പ കുടിശികയായതോടെ ജപ്തി നടപടികൾ ആരംഭിച്ചു.
ജപ്തി നോട്ടീസ് പതിയ്ക്കാൻ എത്തിയ മീനാട് വില്ലേജ് ഓഫീസർ എസ്. സുനിൽകുമാർ ഓമനക്കുട്ടന്റെ ദുരവസ്ഥ മനസിലാക്കി വായ്പ എഴുതി തള്ളണമെന്ന് ബാങ്ക് അധികൃതരോട് നിർദേശിച്ചു.
അല്ലാത്ത പക്ഷം സ്വന്തം നിലയിൽ കൂടിശിക അടച്ചു തീർക്കാമെന്നും വ്യക്തമാക്കി. അപ്പോൾ ബാങ്ക് ജീവനക്കാർ കൂടി സഹകരിക്കാമെന്ന് അറിയിച്ചു. അദാലത്തിൽ വായ്പ തുക അടച്ചു തീർത്ത് രേഖകൾ മീനാട് വില്ലേജ് ഓഫീസർ ഓമനക്കുട്ടന് കൈമാറി.
അദാലത്ത് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ നിർമൽ കുമാർ ഉദ്ഘാടനം ചെയ്തു. ആർ ആർ തഹസിൽദാർ എം. അൻസാർ, ഡപ്യൂട്ടി തഹസിൽദാർമാരായ എ. ആഞ്ചലോസ്, പി. മനു തുടങ്ങിയവർ പ്രസംഗിച്ചു.
175 കുടിശികക്കാർ അദാലത്തിൽ പങ്കെടുത്തു. പങ്കെടുക്കുവാൻ കഴിയാതെ വന്നവർ അതാതു ബാങ്കുകളെ സമീപിച്ചാൽ അദാലത്തിലെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.