പുത്തൂർ ചന്ത: നവീകരണ ജോ ലികൾ അന്ത്യഘട്ടത്തിൽ
1396485
Thursday, February 29, 2024 11:26 PM IST
കൊട്ടാരക്കര: പുത്തൂർ ചന്തയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നില്ലെങ്കിൽ ഒരു മാസത്തിനകം ഉദ്ഘാടനം ചെയ്യാനാകും. 2.84 കോടി രൂപ ഉപയോഗിച്ചാണ് ഹൈടെക് മാർക്കറ്റ് നിർമിക്കുന്നത്. തീരദേശ വികസന കോർപ്പറേഷനാണ് നിർമാണ ചുമതല. കഴിഞ്ഞ ഏപ്രിലിലാണ് നിർമാണ ജോലികൾ തുടങ്ങിയത്.
ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കരാർ നൽകിയിട്ടുള്ളത്. ഒരു വർഷമെത്തും മുൻപെ ഏറെക്കുറെ നിർമാണം പൂർത്തിയായിട്ടുണ്ട്. കടമുറികൾ തിരിച്ച് ഷട്ടറുകൾ സ്ഥാപിച്ചു. തറയിൽ ടൈൽസ് പാകുന്ന ജോലികളും പൂർത്തീകരണ ഘട്ടത്തിലാണ്. ഭിത്തികൾക്ക് വെള്ളയടിച്ചു.
5700 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നത്. 25 സ്റ്റാളുകൾ, 10 കടമുറികൾ, ശീതീകരണ മുറികൾ, മത്സ്യ വില്പനയ്ക്കുള്ള സ്റ്റെയിൻലസ് സ്റ്റീൽ കൗണ്ടറുകൾ, മലിന ജല സംസ്കരണ പ്ലാന്റ്, ടോയ് ലറ്റ് സംവിധാനങ്ങൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവേറെ വിശ്രമ മുറികൾ, പാർക്കിംഗ് സൗകര്യം, ലോഡിംഗ് അൺലോഡിംഗ് സൗകര്യം എന്നിവയാണ് ഇവിടെയൊരുക്കുക.
ചന്തയുടെ കോമ്പൗണ്ട് മുഴുവൻ ഇന്റർലോക്ക് പാകി മനോഹരമാക്കും. വാഹന പാർക്കിംഗിനും സൗകര്യമുണ്ടായിരിക്കും.
കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ ചന്ളിലൊന്നാണ് പുത്തൂർ അന്തിച്ചന്ത. അന്തിച്ചന്തയെന്നാണ് പേരെങ്കിലും എല്ലാ ദിവസവും പുലർച്ചെ മുതൽ രാത്രി വൈകിയും വ്യാപാരം നടക്കുന്ന ചന്തയാണിത്.
ഉപ്പ് മുതൽ കർപ്പൂരം വരെ ലഭിക്കുന്ന ഈ ചന്ത കൊണ്ട് ഉപജീവന മാർഗം നടത്തി വരുന്ന കുടുംബങ്ങൾ അനവധിയാണ്.