കൊല്ലത്ത് കുട്ടികൾ വർണം ചാർത്തും; ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്
1582300
Friday, August 8, 2025 6:49 AM IST
കൊല്ലം: ഇന്ത്യ എന്ന വികാരം ഹൃദയതാളമായി മാറുന്ന ദീപിക കളർ ഇന്ത്യ മത്സരം ഇന്നു ജില്ലയിൽ നടക്കും. പുതുതലമുറയിൽ ദേശഭക്തിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ദേശീയോദ്ഗ്രഥന മുന്നേറ്റത്തിനാണ് കുട്ടികൾ വർണം ചാർത്തുന്നത്.
എൽകെജി മുതൽ പ്ലസ് ടുവരെയുള്ള കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായി ഈ മത്സരത്തിൽ അണിചേരുന്നത്. ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികൾക്കു പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിനു ജില്ലയിൽ നൂറുക്കണക്കിനു വിദ്യാർഥികളാണ് പങ്കാളികളാകുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളുകളും മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
കൊല്ലം മേഖലയിൽ രാവിലെ 9.30ന് കൊല്ലം സെന്റ് ജോസഫ് എയ്ഡഡ് എൽപി സ്കൂളിൽ ദീപിക കളർ ഇന്ത്യ മത്സരത്തിന്റെ ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി.നിർമൽകുമാർ നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മാർഗരറ്റ് അധ്യക്ഷത വഹിക്കും. ദീപിക കൊല്ലം രൂപത കോർഡിനേറ്റർ ഫാ. ലാസർ എസ്. പട്ടകടവ്, ദീപിക ബ്യൂറോ ചീഫ് ജോൺസൺ വേങ്ങത്തടം, ശോഭ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
പ്രീതി എഡ്വേർഡ് പ്രതിജ്ഞ ചൊല്ലി കൊടുക്കും. ദീപിക സർക്കുലേഷൻ ഏരിയ മാനേജർ സുധീർ തോട്ടുവാൽ സ്വാഗതവും സീനിയർ സബ് എഡിറ്റർ രാജീവ് ഡി. പരിമണം നന്ദിയും പറയും.
പുനലൂർ മേഖലയിലും ദീപിക കളർ ഇന്ത്യ മത്സരത്തിനു കുട്ടികളുടെ സജീവപങ്കാളിത്തമാണ് ഉണ്ടാകുക. ഈ മേഖലയിലെ നൂറോളം സ്കൂളുകളിൽനിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തയ്യിൽ ദീപിക കളർ ഇന്ത്യ മത്സരം ഉദ്ഘാടനം ചെയ്യും.
ലഹരിയ്ക്കെതിരെയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുവാൻ ലക്ഷ്യമിട്ടിട്ടുള്ള ദീപികയുടെ പോരാട്ടത്തിൽ കുട്ടികൾ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.