കൊല്ലം രൂപത 696-ാം സ്ഥാപിത ദിനാചരണ ആഘോഷം ഇന്നും നാളെയും
1582301
Friday, August 8, 2025 6:49 AM IST
കൊല്ലം: കൊല്ലം രൂപത ചരിത്രപരമായി സ്ഥാപിക്കപ്പെട്ടിട്ട് 696 വർഷം പിന്നിടുന്നു. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസികളെ 1329 ഓഗസ്റ്റ് ഒന്പതിനാണ് ജോൺ 22-ാം മാർപാപ്പ ഡിക്രിയിലൂടെ സ്ഥാപിച്ചത്. 696-ാംസ്ഥാപിത ദിനാചരണം ഇന്നും നാളെയും രൂപത ആഘോഷിക്കുന്നു.
ഇന്നു ബിഷപ് ഹൗസ് ചാപ്പലിൽ പ്രഭാത ദിവ്യബലിയും പതാക ഉയർത്തലും നടക്കും. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി കാർമികത്വം വഹിക്കും. നാളെ രാവിലെ 10ന് ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ രൂപത ഹെറിറ്റേജ് കമ്മിഷന്റെ ആഭിമുഖ്യത്തിൽ ചരിത്ര സെമിനാർ നടക്കും.
സെമിനാർ സിഎസ്ഐ സഭാ കൊല്ലം കൊട്ടാരക്കര രൂപത ബിഷപ് റവ. ജോസ് ജോർജ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയാൻ, എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ. ബിനു തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
ഫാത്തിമ മാതാ നാഷണൽ കോളജ് മനശാസ്ത്ര വിഭാഗം മുൻ മേധാവി റവ.ഡോ.ജോസ് പുത്തൻവീട് പ്രസംഗിക്കും. കേരള ചരിത്ര പൈതൃക കേന്ദ്രം ആന്റ് മ്യൂസിയം ഡയറക്ടർ പ്രഫ. ഡോ. റെയ്മൺ, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ചരിത്ര ഗവേഷകൻ ഫാ.ജോർജ് റോബിൻസൺ എന്നിവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കും.
സ്ഥാപിത ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചരിത്ര ക്വിസ് മത്സരത്തിലെയും കവിത രചന മത്സര വിജയികളെയും ചടങ്ങിൽ ആദരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു കൊമ്പ്രിയ സഭാ സംഗമം സംഘടിപ്പിക്കും.
വൈകുന്നേരം നാലിനു പ്രദക്ഷിണം തങ്കശേരി ഹോളിക്രോസ് പള്ളിയിൽ നിന്നും ആരംഭിച്ച് ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ സമാപിക്കും. തുടർന്ന് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും.