സ്നേഹത്തിന്റെ കുഞ്ഞു പുസ്തകം രചിച്ച് കുരുന്നുകൾ
1582309
Friday, August 8, 2025 6:57 AM IST
കൊട്ടിയം : ഹിരോഷിമ ദിനത്തിൽ കൊല്ലൂർവിള ഗവ.എൽപിഎസിലെ മൂന്നാം ക്ലാസിലെ കുട്ടികൾ സ്നേഹത്തിന്റെ കുഞ്ഞു പുസ്തകം രചിച്ചു. അന്വേഷണ പഠന രീതിയിലൂടെ ഹിരോഷിമ നാഗസാക്കി പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞതിന് പുറമെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തെ കുറിച്ച് മനസിലാക്കുകയും യുദ്ധക്കെടുതികൾക്കിരയാകുന്ന കുട്ടികൾക്ക് വേണ്ടി അവർ എഴുതുകയുമായിരുന്നു.
കുഞ്ഞുങ്ങൾ പക്ഷികളെപ്പോലെയും പട്ടത്തെപ്പോലെയും പറക്കേണ്ടവരാണെന്ന് ഭയത്തോടെ ഒളിച്ചിരിക്കേണ്ടവരല്ലെന്നും അവർ എഴുതി. കുഞ്ഞുപുസ്തകങ്ങൾക്ക് കുട്ടികൾ സ്വയമായി ചിത്രവും വരച്ചു. കുട്ടികൾ തയാറാക്കിയ ഈ കുഞ്ഞു പുസ്തകങ്ങളുടെ പ്രകാശനം ഹിരോഷിമ ദിനത്തിൽ സ്നേഹത്തിന്റെ കുഞ്ഞു പുസ്തകങ്ങൾ എന്ന പേരിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റീന മെൻസസ് നിർവഹിച്ചു.
ഈ കുഞ്ഞുപുസ്തകങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള പരിഭാഷപ്പെടുത്തലും ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുകയുണ്ടായി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒക്കെ ചേർന്നുകൊണ്ട് സമാധാന പ്രതീകമായി നൂറുകണക്കിന് കടലാസ് കൊക്കുകളെ നിർമിച്ച് സ്കൂളിലെത്തിച്ചതും വേറിട്ട പ്രവർത്തനമായി.
സ്നേഹത്തിന്റ് കുഞ്ഞു രചനകൾ സമാഹരിച്ച് പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ് വിദ്യാലയം. പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് റീനമെൻസസ് ,അധ്യാപകരായ സൈജ , ഷൈലത്ത്, സജീന, ഗീത എന്നിവർ നേതൃത്വം നൽകി.