സർക്കാർ - ഉദ്യോഗസ്ഥ അനാസ്ഥ: കൊല്ലം രൂപതയിലെ അധ്യാപകർ ഇന്ന് കരിദിനമായി ആചരിക്കും
1582306
Friday, August 8, 2025 6:49 AM IST
കൊല്ലം: കൊല്ലം രൂപത കോർപറേറ്റ് മാനേജ്മെന്റ് വിദ്യാലയങ്ങളിൽ നിയമന അംഗീകാരം ലഭിക്കാത്ത സർക്കാർ - ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെയും ജീവൻവെടിഞ്ഞ അധ്യാപികയുടെ ഭർത്താവിന്റെ മരണത്തിൽ അനുശോചിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളിലും അധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിക്കും.
വർഷങ്ങളായി നിയമന അംഗീകാരം ലഭിക്കാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്ക് നിയമന അംഗീകാരം നൽകി നീതി ലഭ്യമാക്കണമെന്നു കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ കൊല്ലം രൂപതാ നേതൃയോഗം ആവശ്യപ്പെട്ടു. അധ്യാപകർക്ക് നിയമനത്തിനുള്ള വഴിയടച്ച സർക്കാർ നിലപാട് വഞ്ചനാപരവും മനുഷ്യത്വരഹിതവുമാണെന്ന് കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.
നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് നടപ്പിലാക്കുവാൻ സർക്കാർ മനഃപൂർവം താമസിപ്പിച്ചത് അധ്യാപകരോടുള്ള വെല്ലുവിളിയും സർക്കാരിന്റെ അനാസ്ഥയുമാണ്. സർക്കാർ നിലപാട് വഞ്ചനാപരവും മനുഷ്യത്വരഹിതവുമാണെന്ന് അഭിപ്രായപ്പെട്ട അസോസിയേഷൻ കൊല്ലം രൂപതയുടെ വിവിധ സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകർക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് കരിദിനാചരണം നടത്തുന്നത്.
നിയമനാംഗീകാരം ലഭിക്കാത്തതിനാൽ ഇവരിൽ പലരും അത്മഹത്യയുടെ വക്കിലാണ്. നിയമന അംഗീകാര കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി കൊല്ലം രൂപതയിലെ അധ്യാപക സമൂഹം രംഗത്തിറങ്ങുമെന്നും കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബി. ബിനു തോമസ്, പ്രസിഡന്റ് ആർ.ബർണാഡ്, സെക്രട്ടറി സുമേഷ് ദാസ് എന്നിവർ മുന്നറിയിപ്പ് നൽകി.