തിരുമുക്കിലെ അശാസ്ത്രീയമായ അടിപ്പാത : ജനകീയ റിലേ ധർണ സമാപിച്ചു
1582305
Friday, August 8, 2025 6:49 AM IST
ചാത്തന്നൂർ: ദേശീയ പാതയിൽ ചാത്തന്നൂർ തിരുമുക്കിൽ കഴിഞ്ഞ നാല് ദിവസമായി നടന്നു വന്ന ജനകീയറിലേ ധർണ കലാസാംസ്കാരിക സംഗമത്തോടെ സമാപിച്ചു.തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത പുനർനിർമിക്കുക,എല്ലാ യാത്രാ ബസുകളും ചാത്തന്നൂരിലെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിലാണ് ജനകീയറിലേ ധർണ സംഘടിപ്പിച്ചത്.
ചാത്തന്നൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വ്യാപാരി സംഘടനകളും, അധ്യാപകരും മറ്റ് പ്രസ്ഥാനങ്ങളും വിവിധ ദിവസങ്ങളിൽ ജനകീയ റിലേ ധർണയുടെ ഭാഗമായി. സമാപന ദിവസം നടന്നകലാസാംസ്കാരിക സംഗമത്തിൽ പാട്ടും പറച്ചിലുമായി കവികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. തിരുമുക്കിൽ ധർണപന്തലിന് സമീപം ഉയർത്തിയിരുന്ന വലിയ കാൻവാസിൽ ചിത്രകാരന്മാർ പ്രതിഷേധ ചിത്രമെഴുത്തും നടത്തുകയുണ്ടായി.
കവി ബാബു പാക്കനാർ കലാസാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷനായിരുന്നു. കവികളും സാംസ്കാരിക പ്രവർത്തകരുമായ ആശ്രാമം ഭാസി, ഡി.സുധീന്ദ്ര ബാബു, പി.കെ.വിജയനാഥ് ,വിജയൻ ചന്ദനമാല, ജസിയാഷാജഹാൻ,കെ.സി.ബിജു. മുരളീധരൻ.
രാജൻ തോമസ്, മടന്തകോട് രാധാകൃഷ്ണൻ , ചാത്തന്നൂർ സുരേന്ദ്രൻ സി.പി.സുരേഷ് കുമാർ. സുനേഷ് കുമാർ. ടി.എസ്. തുടങ്ങിയവർ കവിതകൾ ചൊല്ലിയും വർത്തമാനം പറഞ്ഞും അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. പ്രമുഖ അനുകരണ കലാകാരൻ പ്രദീപ് വൈഗ, ഗായകൻ അജയ സിംഹൻ , ഗായിക ഫെബിയ ഷൈജു തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ചാത്തന്നൂരിലെ വിവിധ സ്കൂളുകളിലെ കുട്ടികളും ചിത്രകാരന്മാരും പൊതുജനങ്ങളും തിരുമുക്കിൽ തയാറാക്കിയിരുന്ന വലിയ കാൻവാസിൽ പ്രതിഷേധ ചിത്രമെഴുത്ത് നടത്തി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ചിത്രമെഴുത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചാത്തന്നൂർ വികസന സമിതി നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികളുടെ രണ്ടാം ഘട്ടമായ ജനകീയറിലേ ധർണയാണ് കലാ സാംസ്കാരിക സംഗമത്തോടെ സമാപിച്ചത്.
ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ ജനകീയ സമരപരിപാടികളുമായി വികസന സമിതി മുന്നോട്ട് പോകുമെന്ന് വികസന സമിതി ഭാരവാഹികൾ അറിയിച്ചു.