പെരുമ്പെട്ടിയിൽ വീണ്ടും അട്ടിമറിനീക്കം; പട്ടയം നിയമക്കുരുക്കിലേക്ക്
1579877
Wednesday, July 30, 2025 3:59 AM IST
പട്ടയം തടയാൻ ഗൂഢശ്രമം, വനഭൂമിക്കുമേൽ അവകാശവാദവുമായി സ്വകാര്യ വ്യക്തി
പത്തനംതിട്ട: പൊന്തൻപുഴ, വലിയകാവ് വനഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച് ഗൂഢ നീക്കം. പെരുന്പെട്ടി പട്ടയവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന ഘട്ടത്തിലെത്തിയപ്പോൾ ഈ ഗൂഢസംഘം നടത്തിയ രംഗപ്രവേശം നാട്ടുകാ രിൽ ആശങ്ക വിതച്ചിരിക്കുകയാണ്.
പുതിയ നീക്കം
പൊന്തൻപുഴ വനം ഉൾപ്പെടുന്ന പെരുമ്പെട്ടി, വലിയകാവ് റിസർവ് മേഖലയിൽ 432.50 ഏക്കർ സ്ഥലത്താണ് ഭൂമാഫിയ അവകാശം ഉന്നയിച്ചിട്ടുള്ളത്. വനത്തിനു പുറത്ത് 250.46 ഏക്കർ വരുന്ന റവന്യു ഭൂമിയിലാണ് 747 കുടുംബങ്ങൾ കാലങ്ങളായി കൃഷി ചെയ്തു ജീവിക്കുന്നത്.
പട്ടയത്തിനു വേണ്ടിയുള്ള ഇവരുടെ അവകാശവാദത്തെ തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് വനഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച് ഇപ്പോൾ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. 7,000 ഏക്കർ വരുന്ന പൊന്തൻപുഴ വനത്തിന്റെ തെക്കുകിഴക്കു വരുന്ന ഭാഗമാണ് പെരുമ്പെട്ടി - വലിയകാവ് മേഖല. വനത്തിൽ ഉൾപ്പെട്ട സ്ഥലമാണ് വനംമാഫിയ ലക്ഷ്യമിടുന്നത്.
ജണ്ടയ്ക്കുള്ളിലെ സ്ഥലം
പെരുമ്പെട്ടി വില്ലേജിലെ റീസർവേ നമ്പർ 193ൽപെട്ട 432.5 ഏക്കർഭൂമിയിലാണ് ഗൂഢ ലക്ഷ്യമ ുള്ളവരെന്നു നാട്ടുകാർ ആരോപി ക്കുന്ന ചിലർ അവകാശം ഉന്നയിച്ചിട്ടുള്ളത്. നെയ്തല്ലൂർ കോവിലകം ഇരവിപേരൂർ സ്വദേശിക്കു കൈമാറിയ സ്ഥലം വില കൊടുത്തു വാങ്ങിയതാണെന്നാണ് അവകാശം ഉന്നയിച്ച വരുടെ വാദം.
ഇത് അളന്നുതിരിച്ചു തരണമെന്ന ആവശ്യമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സിവിൽ റിട്ട് പെറ്റീഷനിലെ ആവശ്യം. എന്നാൽ, സ്ഥലം പൂർണമായി വനംവകുപ്പിന്റെ ജണ്ടയ്ക്കുള്ളിലാണ്.
എന്നാൽ, തന്റെ ഭൂമി വനം നോട്ടിഫിക്കേഷന്റെ പരിധിക്കു പുറത്താണെന്ന വാദം ഉന്നയിച്ചാണ് പരാതി ക്കാരൻകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ ഒന്പതിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ വിധിന്യായത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്താൻ നിർദേശമുണ്ട്.
ഉദ്യോഗസ്ഥർക്കു മൗനം
കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് വന്നപ്പോൾ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ മൗനം അവലംബിച്ചത് നാട്ടുകാരുടെ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. വനഭൂമിയെ സംബന്ധിച്ച സുപ്രീംകോടതി വിധി നിലനിൽക്കേ ഒരു വ്യക്തിയുടെ അവകാശവാദത്തെ അംഗീകരിച്ച് റവന്യു ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാട് പട്ടയവിഷയത്തെ അട്ടിമറിക്കാനാണെന്നാണ് ആരോപണം.
വനഭൂമി സ്വകാര്യ വ്യക്തിക്ക് അളന്നുതിരിച്ചു നൽകുകയും പകരം പട്ടയം ലഭിക്കേണ്ടതായ ഭൂമി വനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് പൊന്തൻപുഴ, പെരുന്പെട്ടി സമരസമിതി ആരോപിച്ചു.
അധിക വനഭൂമിക്കുമേൽ അവകാശവാദം
പെരുമ്പെട്ടി വില്ലേജിൽ നടന്ന ഡിജിറ്റൽ സർവേ പ്രകാരം അധികമായി കണ്ടെത്തിയ സ്ഥലം തന്റേതാണെന്ന അവകാശവാദമാണ് സ്വകാര്യ വ്യക്തി ഉന്നയിക്കുന്നത്. വനം നോട്ടിഫിക്കേഷൻ പ്രകാരം പെരുമ്പട്ടിയിൽ 1,771 ഏക്കർ വനമേഖലയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഡിജിറ്റൽ സർവേ അനുസരിച്ച് വനഭൂമിയുടെ വിസ്തൃതി 1,889 ഏക്കറായി വർധിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷനേക്കാൾ 118 ഏക്കർ അധികം കണ്ടെത്തുകയും ചെയ്തു. ഇതു സ്വകാര്യ വ്യക്തിയുടെ കേസിനെ സാധൂകരിക്കുന്നതായി.
വനാതിർത്തി അടയാളപ്പെടുത്തിയ സ്കെച്ചിനു വെളിയിൽ ഒരു സെന്റ് ഭൂമി പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അളവിലെ പിശകായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെങ്കിലും അധിക ഭൂമി മാഫിയയ്ക്കു കൈമാറാനുള്ള രഹസ്യ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആക്ഷേപം.
എതിർപ്പുമായി സമരസമിതി
ഡിജിറ്റൽ സർവേ പ്രകാരം വനഭൂമിയുടെ വിസ്തൃതി വർധിച്ചതിനെത്തുടർന്ന് അധികഭൂമി മാഫിയയ്ക്കു കൈമാറിയാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പൊന്തൻപുഴ സമരസമിതി മുന്നറിയിപ്പു നൽകി.
ഡിജിറ്റൽ സർവേ പ്രകാരം പെരുമ്പെട്ടി വില്ലേജിൽ 1335 ഏക്കറും ചേത്തക്കൽ വില്ലേജിൽ 25.17 ഏക്കറും റാന്നി അങ്ങാടി വില്ലേജിൽ 528 ഏക്കറും ഉൾപ്പെടുന്നതാണ് വനഭൂമിയെന്നു കർഷകർ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു. മൊത്തം 1889.31 ഏക്കറാണ് ഇത്തരത്തിൽ വനഭൂമിയുടെ വിസ്തൃതി.
നോട്ടിഫിക്കേഷനേക്കാൾ 118 ഏക്കർ ഭൂമി അധികമായി കണ്ടെത്തിയതിനാൽ ഈ അധിക ഭൂമികൂടി ഉൾപ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകഭൂമി വനമാണെന്ന തരത്തിൽ നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനം സർക്കാർ റദ്ദ് ചെയ്തിരുന്നു.